ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കി മാഞ്ചെസ്റ്റർ സിറ്റി. കരുത്തരായ ടോട്ടനത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് സിറ്റി വിജയമാഘോഷിച്ചത്. എന്നാൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന് വീണ്ടും അടിതെറ്റി. ലെസ്റ്റർ സിറ്റിയാണ് ചെമ്പടയെ കീഴടക്കിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ പ്ലേ മേക്കർ ഇൽകെ ഗുണ്ടോഗന്റെയും റോഡ്രിയുടെയും ഗോളുകളുടെ ബലത്തിലാണ് സിറ്റി വിജയിച്ച് കയറിയത്. ടോട്ടനം കഴിഞ്ഞ അഞ്ചു മത്സരങ്ങൾക്കിടയിൽ വഴങ്ങുന്ന നാലാം തോൽവി കൂടിയാണിത്. തുടക്കത്തിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ടോട്ടനം നിലവിൽ ഒൻപതാം സ്ഥാനത്താണ്. പെപ് ഗാർഡിയോളയുടെ കീഴിൽ സ്വപ്നക്കുതിപ്പ് തുടരുന്ന മാഞ്ചെസ്റ്റർ സിറ്റി അവസാന 16 മത്സരങ്ങളിലും വിജയിച്ചു. മാത്രമല്ല കഴിഞ്ഞ 23 മത്സരങ്ങളിൽ ടീം തോൽവി അറിഞ്ഞിട്ടില്ല. നിലവിൽ 23 മത്സരങ്ങളിൽ നിന്നും 53 പോയന്റുകളുള്ള സിറ്റി രണ്ടാമതുള്ള ലെസ്റ്ററിനേക്കാൾ ഏറെ മുന്നിലാണ്. മൂന്നാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റർ യുണൈറ്റഡ് ഇന്ന് ജയിച്ചാലും സിറ്റിയുമായുള്ള പോയന്റ് അകലം അഞ്ചാകും. ഈ ഫോം തുടർന്നാൽ സിറ്റി ഈ സീസൺ സ്വന്തമാക്കുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ലിവർപൂളിനെ ലെസ്റ്റർ നാണം കെടുത്തി. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് ടീമിന്റെ വിജയം. 67-ാം മിനിട്ടിൽ മുഹമ്മദ് സലയിലൂടെ ലിവർപൂളാണ് ലീഡെടുത്തത്. എന്നാൽ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്ന ലെസ്റ്ററിന് വേണ്ടി ജെയിംസ് മാഡിസൺ, ജെയ്മി വാർഡി, ഹാർവി ബാൺസ് എന്നിവർ സ്കോർ ചെയ്തു. ഈ വിജയത്തോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറാനും ലെസ്റ്ററിന് സാധിച്ചു. എന്നാൽ പ്രീമിയർ ലീഗിലെ അവസാന മൂന്നു മത്സരങ്ങളും തോറ്റ ലിവർപൂൾ പട്ടികയിൽ നാലാമതാണ്. അവസാന പത്തുമത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ചെമ്പടയ്ക്ക് വിജയിക്കാനായത്. Content Highlights: Manchester City extend lead to seven points, Liverpool stunned by Leicester City
from mathrubhumi.latestnews.rssfeed https://ift.tt/2OBVfzL
via
IFTTT