ഇംഫാൽ: എംഎൽഎമാർ രാജിവെച്ച് മണിപ്പൂരിലെ ബിജെപി സർക്കാർ പ്രതിസന്ധിയിലായതിന് പിന്നാലെ സർക്കാർ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ മണിപ്പൂരിൽ ഉടൻ പുതിയ സർക്കാർ അധികാരത്തിലേറുമെന്ന് പാർട്ടി നേതാവും വാക്താവുമായ നിങ്കോമ്പം ബൂപേന്ദ മൈതേ അറിയിച്ചു. ബി.ജെ.പി.യുടെ മൂന്ന് എം.എൽ.എ.മാർ രാജിവെച്ച് കോൺഗ്രസിൽ ചേരുകയും മറ്റ് ആറ് എം.എൽ.എ.മാർ ബിരേൻസിങ് സർക്കാരിന് നൽകിയ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്. സർക്കാരിന് പിന്തുണ പിൻവലിച്ച എംഎൽഎമാരെ കോൺഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മന്ത്രിമാരുൾപ്പെടെ നാഷണൽ പീപ്പിൾസ് പാർട്ടിയിലെ (എൻ.പി.പി.) നാല് എം.എൽ.എ.മാരും ഒരു തൃണമൂൽ എം.എൽ.എ.യും ഒരു സ്വതന്ത്ര എം.എൽ.എ.യുമാണ് പിന്തുണ പിൻവലിച്ചത്. 60 അംഗ നിയമസഭയിൽ 30 എം.എൽ.എ.മാരായി കുറഞ്ഞതോടെ എൻ.ഡി.എ. സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായിരിക്കയാണ്. 2017-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ മറികടന്നാണ് ബി.ജെ.പി. സർക്കാർ രൂപവത്കരിച്ചത്. കോൺഗ്രസ് 28 സീറ്റ് നേടിയിരുന്നു. എന്നാൽ 21 സീറ്റ് നേടിയ ബി.ജെ.പി. നാഗാ പീപ്പീൾസ് പാർട്ടിയുടെയും എൻ.പി.പി.യുടെയും എൽ.ജെ.പി.യുടെയും പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലാകും മണിപ്പൂരിൽ പുതിയ സർക്കാർ വരികയെന്ന് നിങ്കോമ്പം ബൂപേന്ദ മൈതേ അറിയിച്ചു. മുഖ്യമന്ത്രി ബിരേൻസിങിനോട് വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട് പ്രതിപക്ഷ പാർട്ടികൾ. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് കോൺഗ്രസ് നേതാക്കൾ ഇന്ന് ഗവർണറെ കണ്ടേക്കും. Content Highlights:Manipurbjp government crisis-Congress
from mathrubhumi.latestnews.rssfeed https://ift.tt/3d6Y6qU
via
IFTTT