Breaking

Friday, June 26, 2020

അതിർത്തിയിലുടനീളം ചൈനീസ് കടന്നുകയറ്റം; 1962-ൽ പിന്മാറിയ പ്രദേശംമുഴുവൻ ചൈന കൈക്കലാക്കി

ന്യൂഡൽഹി: ഡെസ്പാങ് സമതലമൊഴികെ യഥാർഥ നിയന്ത്രണരേഖയോടു (എൽ.എ.സി.) ചേർന്ന മുഴുവൻ പ്രദേശത്തും ചൈനീസ് പട്ടാളക്കാർ സാന്നിധ്യമുറപ്പിച്ചതായി ഉന്നതകേന്ദ്രങ്ങൾ. 1962-ലെ യുദ്ധത്തിനുശേഷം ചൈന പിന്മാറിയ പ്രദേശങ്ങളാണിവ. എൽ.എ.സി.യിലുടനീളം ചൈനീസ് സൈന്യം (പി.എൽ.എ.) കൂടാരങ്ങൾ കെട്ടിയിട്ടുണ്ടെന്ന് സേനാവൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു. പി.എൽ.എ.യുടെ മിസൈൽ സംഘവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെനിന്ന് അവർക്ക് ലഡാക്കിലെ ജനവാസമേഖലകളെ ആക്രമിക്കാനാവുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.ഇതേത്തുടർന്ന് ഇന്ത്യയും വലിയതോതിൽ സൈന്യത്തെ എൽ.എ.സി.യിലേക്ക് അയച്ചു. എൽ.എ.സി.യിലെ സംഘർഷത്തിന് അയവുവരുത്താൻ ലെഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ സൗത്ത് ഷിൻജിയാങ് മിലിറ്ററി ഡിസ്ട്രിക്ട് മേധാവി മേജർ ജനറൽ ലിയു ലിനും തമ്മിൽ നടന്ന ചർച്ച പൂർണപരാജയമാണെന്നതിന്റെ സൂചനയാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്നത്. ഗാൽവനിലെ കടന്നുകയറ്റം തുടങ്ങിയതിനുശേഷം ഇന്ത്യ സ്വീകരിച്ച രാഷ്ട്രീയനിലപാടിനു വിരുദ്ധവുമാണ് അതിർത്തിയിലെ ഇപ്പോഴത്തെ സ്ഥിതി. ഇവിടെ ചൈന കാര്യമായ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജപ്പാനുമായി സംഘർഷമുണ്ടായപ്പോൾ തെക്കൻ ചൈനക്കടലിൽ നടത്തിയ നിർമാണപ്രവർത്തനങ്ങൾക്കു സമാനമായി അതിവേഗത്തിലാണ് ഇവിടത്തേതും പുരോഗമിക്കുന്നത്. സിക്കിമിനോടു ചേർന്ന ഡോക്‌ലാമിന്റെ കാര്യത്തിൽ ചൈനയും ഭൂട്ടാനും ധാരണയാകാനുള്ള സാധ്യതയും ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. 2017-ൽ ഡോക്‌ലാമിൽ ചൈന നടത്തിയ കടന്നുകയറ്റം 73 ദിവസംനീണ്ട ഇന്ത്യ-ചൈന സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഡോക്‌ലാമിന്റെ മൂന്നിൽ രണ്ടുഭാഗവും ഇപ്പോഴും ചൈന കൈയടക്കിവെച്ചിരിക്കുകയാണ്. ഈ നില തുടരുന്നതിനായി ഭൂട്ടാനുമായി ചൈന നടത്തുന്ന ചർച്ചകൾ ഏതാണ്ട് അവസാനഘട്ടത്തിലാണ്. ‘ലഡാക്കിലെ ദൗലത്ത് ബേഗ് ഓൾഡിയിലെ ഇന്ത്യയുടെ വ്യോമതാവളത്തിൽനിന്ന് പി.എൽ.എ. നിലയുറപ്പിച്ചിരിക്കുന്നിടത്തേക്ക് 10 കിലോമീറ്ററിൽതാഴെ ദൂരമേയുള്ളൂ. സംഘർഷം ശക്തമായാൽ നമ്മുടെ സി-130ജെ വിമാനങ്ങൾ ഇവിടേക്കയക്കുന്നതിന് ഇക്കാരണത്താൽ അധികൃതർ മടിച്ചേക്കും. നേപ്പാളിലെ റൂയി ഗ്രാമത്തിലെ 35 ചതുരശ്ര കിലോമീറ്റർ പ്രദേശവും ചൈന കൈക്കലാക്കിയിരിക്കുന്നത് അവർക്ക് ഈ മേഖലയിൽ തന്ത്രപരമായ മുൻതൂക്കം നൽകും’ -ഔദ്യോഗികകേന്ദ്രങ്ങൾ പറഞ്ഞു.വ്യോമയുദ്ധത്തിൽ ഇന്ത്യക്ക് ചൈനയെക്കാൾ മേൽക്കൈയുണ്ട്. ഇവിടത്തെ ഭൂപ്രകൃതിയിൽ മികച്ച പരിശീലനം സിദ്ധിച്ചവയാണ് ഇന്ത്യയുടെ വിമാനങ്ങളും അവയുടെ പൈലറ്റുമാരും. എന്നാൽ, കരയുദ്ധോപകരണങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് മിസൈലുകളുടെ കാര്യത്തിൽ ചൈന ശക്തമാണ്. പുതിയ സംഘർഷത്തിന് സാധ്യതഇരുരാജ്യവും തമ്മിൽ നടത്തുന്ന ചർച്ചകളിൽ മഞ്ഞുരുക്കത്തിന്റെ സാധ്യത കാണാത്തതിനാൽ, വരുംദിവസങ്ങളിൽ എൽ.എ.സി.യിൽ പുതിയ സംഘർഷങ്ങളുണ്ടാകുമെന്നാണ് സേന കരുതുന്നത്. ‘കരയുദ്ധമുണ്ടായാൽ നമുക്ക് അവരെ പിന്തള്ളാൻ കഴിയും. അടുത്തഘട്ടത്തിൽ ലൈറ്റ് മെഷീൻ ഗൺ പോലുള്ള ആയുധങ്ങൾ അവരുപയോഗിക്കുമെന്നാണു കരുതുന്നത്. ഇത് പ്രതിസന്ധി തീവ്രമാക്കും’-സേനാകേന്ദ്രങ്ങൾ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2BHt63A
via IFTTT