Breaking

Thursday, June 25, 2020

എതിര്‍പ്പുകള്‍തള്ളി: കെ.വി. മനോജ്കുമാര്‍ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍

തിരുവനന്തപുരം: രാഷ്ട്രീയപ്പാർട്ടികൾ അടക്കമുള്ളവരുടെ എതിർപ്പുകൾ തള്ളി അഡ്വ. കെ.വി. മനോജ്കുമാറിനെ സംസ്ഥാന ബാലാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമായിരുന്ന കെ.വി. ബാലന്റെ മകനാണ് മനോജ്കുമാർ. തലശ്ശേരി ബാറിലെ അഭിഭാഷകൻ. യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയാണ് നിയമനം. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായ സമിതിയാണ് നിയമനത്തിനുള്ള അഭിമുഖം നടത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമപ്രവർത്തനത്തിനും ദേശീയ, സംസ്ഥാനതലത്തിൽ അവാർഡ്, അംഗീകാരം എന്നിവയ്ക്കൊപ്പം ഈ മേഖലയിലെ പ്രവൃത്തിപരിചയമാണു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. തലശ്ശേരിയിലെ സ്കൂൾ പി.ടി.എ.യിൽ പ്രവർത്തിച്ചുവെന്നതടക്കമുള്ളതാണ് മനോജ്കുമാറിന്റെ യോഗ്യത. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ, പാലക്കാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന ടി. ഇന്ദിര എന്നിവരടക്കമുള്ളവർ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. നിലവിലെ കമ്മിഷൻ അംഗമായ എം.പി. ആന്റണിക്ക് രണ്ടാം റാങ്കും ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനു മൂന്നാംറാങ്കുമാണ് ലഭിച്ചത്. അംഗങ്ങളെച്ചൊല്ലിയും വിവാദം ചെയർമാൻ നിയമനത്തിന് പിന്നാലെ ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനവും വിവാദത്തിൽ. അപേക്ഷകരിൽ ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കിയതായി ശിശുക്ഷേമ സംരക്ഷണ സമിതി ആരോപിച്ചു. നിയമനത്തിനെതിരേ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആർ.എസ്. ശശികുമാറും കൺവീനർ ഉള്ളൂർ മുരളിയും അറിയിച്ചു. യോഗ്യതയിലും ഇളവ് വരുത്തി നിയമനത്തിനു മുന്നോടിയായി ചെയർമാൻ സ്ഥാനത്തിനുവേണ്ട യോഗ്യതകളിലും സർക്കാർ ഇളവ് വരുത്തിയിരുന്നു. ചെയർമാൻ സ്ഥാനത്ത് നിയമിക്കപ്പെടുന്ന വ്യക്തിക്ക് കുട്ടികളുടെ ക്ഷേമം, സംരക്ഷണം എന്നിവയിൽ കുറഞ്ഞത് പത്തുവർഷത്തെ പരിചയം വേണമെന്ന നിബന്ധനയാണു മാറ്റിയത്. ചെയർമാന്റെ യോഗ്യതമാത്രമാണ് കുറച്ചത്. അതേസമയം, അംഗങ്ങൾക്ക് ശിശുസംരക്ഷണ മേഖലയിൽ പത്തുവർഷത്തെ പരിചയം അവശ്യമാണ്. പുതിയ വിജ്ഞാപന പ്രകാരം അംഗങ്ങൾ ചെയർമാനെക്കാൾ യോഗ്യരായിരിക്കും. കമ്മിഷന്റെ നിരീക്ഷണ ചുമതലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവയുടെ ചെയർമാൻമാരുടെയും അംഗങ്ങളുടെയും യോഗ്യത ബിരുദാനന്തരബിരുദവും ഈ മേഖലയിൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയവുമാണ്. ചെയർമാനായി നിയമനം ലഭിച്ച മനോജ് കുമാറിന് ബിരുദം മാത്രമാണുള്ളതെന്നും പരാതിയുണ്ട്. നിയമനനടപടി തെറ്റ് -ചെന്നിത്തല രണ്ട് ജില്ലാ ജഡ്ജിമാരെ തഴഞ്ഞ് ഒരു പാർട്ടി പ്രവർത്തകനെ ബാലാവകാശ കമ്മിഷൻ ചെയർമാനായി നിയോഗിച്ചത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുൻ ചീഫ് സെക്രട്ടറിമാർ ഇരുന്ന പോസ്റ്റാണിത് ചെന്നിത്തല പറഞ്ഞു. തീരുമാനം പിൻവലിക്കണം -സുധീരൻ അർഹതയില്ലാത്ത വ്യക്തിയെ ബാലാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് വി.എം. സുധീരൻ. ഈ സുപ്രധാന പദവിയെ രാഷ്ട്രീയവത്കരിച്ച് അതിന്റെ വിശ്വാസ്യതതന്നെ ഇല്ലാതാക്കിയ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മനോജ്കുമാർ പരമയോഗ്യൻ -മുഖ്യമന്ത്രി തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ ചെയർമാൻ മനോജ്കുമാർ ആ സ്ഥാനത്തിരിക്കാൻ പരമയോഗ്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുതന്നെയാണ് ഏറ്റവുംവലിയ യോഗ്യത. അദ്ദേഹത്തിന് കാര്യങ്ങൾ നിർവഹിക്കാൻ പറ്റും. നിയമനം ലഭിക്കാത്തവർക്ക് പരാതി ഉണ്ടായിരിക്കാം. അത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടില്ല. നിയമവും ചട്ടവും പൂർണമായി പാലിച്ചു. ആക്ടിലോ ചട്ടത്തിലോ ഇല്ലാത്ത വ്യവസ്ഥയാണ് ബാലാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് 2017-ൽ നിഷ്കർഷിച്ചിരുന്നത്. എന്തോ പ്രത്യേക ഉദ്ദേശ്യത്തോടൊണ് ആ വ്യവസ്ഥ വെച്ചിരുന്നത്. അതാണ് മാറ്റിയത് -മുഖ്യമന്ത്രി പറഞ്ഞു. Content Highlights:K.V. Manoj Kumar Chairperson of kerala state Commission for Protection of Child Rights


from mathrubhumi.latestnews.rssfeed https://ift.tt/3drvzfS
via IFTTT