Breaking

Saturday, June 27, 2020

നിലവിലെ സ്ഥിതി മാറ്റാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകും: ചൈനയ്ക്ക്‌ മുന്നറിയിപ്പുമായി ഇന്ത്യ 

ന്യൂഡൽഹി: നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളിൽ മാറ്റം വരുത്താൻ സൈന്യത്തെ വിന്യസിച്ചോ, ബലപ്രയോഗത്തിലൂടെയോ ചൈന ശ്രമിക്കുകയാണെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിർത്തിയിൽ നിലനിന്നിരുന്ന സമാധാനത്തെ തകർക്കുക മാത്രമല്ല വിശാലമായ ഉഭയകക്ഷി ബന്ധത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. കിഴക്കൻ ലഡാക്കിലെ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സൈന്യത്തെ ഉപയോഗിച്ചോ, ബലപ്രയോഗത്തിലൂടെയോ നിലവിലെ സ്ഥിതിഗതികൾക്ക് മാറ്റം വരുത്താൻ ചൈന ശ്രമിക്കാതിരിക്കുകയാണ് കിഴക്കൻ ലഡാക്കിലെ സംഘർഷം ഒഴിവാക്കുന്നതിനുള്ള ഏകമാർഗമെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്രി പറഞ്ഞു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ നടപടികൾ ഉഭയകക്ഷി ബന്ധത്തിന്റെ വിശ്വാസ്യതയ്ക്ക് വിള്ളൽ വീഴ്ത്തി. ബന്ധങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും അത് ഏതുദിശയിലേക്കാണ് നിങ്ങേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യേണ്ടത് ചൈനയുടെ ഉത്തരവാദിത്തമാണ്. അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിന്നാലല്ലാതെ ഇന്ത്യ ചൈന ഉഭയകക്ഷിബന്ധത്തിൽ പുരോഗതിയുണ്ടാകില്ല. ഈ പ്രശ്നത്തിനുള്ള പരിഹാരം ഞങ്ങളുടെ വീക്ഷണകോണിൽ വ്യക്തമാണ്. ഇന്ത്യൻ സൈനികരുടെ സാധാരണ പട്രോളിങ്ങിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന നടപടികൾ ചൈന അവസാനിപ്പിക്കണം-അദ്ദേഹം പറഞ്ഞു. ഗാൽവൻ താഴ്വരയുടെ മേലുളള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അതിശയോക്തി കലർന്ന അവകാശവാദങ്ങൾ സംഘർഷം ലഘൂകരിക്കാൻ സഹായകമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാൽവൻ താഴ് വരയിലെ നിയന്ത്രണരേഖയുടെ അതിർവരമ്പുകളെക്കുറിച്ച് ഇന്ത്യക്ക് വ്യക്തതയുണ്ട്.നിയന്ത്രണരേഖ ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ട്. ഗാൽവൻ താഴ്വര വരെ വളരെ കാലങ്ങളായി ഒരു തടസ്സവുമില്ലാതെ പട്രോളിങ് നടത്തിവന്നിരുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കാണെന്ന് ചൈനീസ് അംബാസഡർ സൺ വെയ്ഡോങ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാൽ നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത് ചൈനയുടെ ഭാഗത്തുള്ള നീക്കങ്ങങ്ങളാണെന്ന് മിസ്ത്രി പറഞ്ഞു. ഏപ്രിൽ -മെയ് മാസങ്ങളിൽ നിയന്ത്രണരേഖയ്ക്ക് സമീപമായി നിരവധി ചൈനീസ് നടപടികൾ ഉണ്ടായിട്ടുണ്ട്. അത് ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ്ങിനെ തടസ്സപ്പെടുത്തി. ഇത് സംഘർഷത്തിലേക്ക് നയിച്ചു. മിസ്രി പറഞ്ഞു. ഉഭയകക്ഷി ബന്ധം ഇരുരാജ്യങ്ങളെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്. പ്രാദേശികമായും അതിന് പ്രാധാന്യമുണ്ട്. അതുകൊണ്ട് നിലവിലെ സാഹചര്യങ്ങളിൽ ബലപ്രയോഗത്തിലൂടെ മാറ്റം വരുത്താൻ ചൈന ശ്രമിക്കുകയാണെങ്കിൽ അതിർത്തിയിലെ സമാധാനത്തെ തകർക്കുക മാത്രമല്ല, ഉഭയകക്ഷിബന്ധത്തിൽ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സൈനികതലത്തിലുൾപ്പടെയുളള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിന്റെ തീവ്രത കുറയ്ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചൈന തിരിച്ചറിയുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും മിസ്ത്രി പറഞ്ഞു. Content Highlights:To Alter Status Quo Can Have Repercussions India warns China


from mathrubhumi.latestnews.rssfeed https://ift.tt/3g0lEj5
via IFTTT