Breaking

Saturday, June 27, 2020

കോവിഡ് പകരുമെന്ന ഭീതിയിൽ രണ്ടുഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം പൊളിച്ചു

താനൂർ: കണ്ടെയ്‌ൻമെന്റ് സോണിൽനിന്ന് കോവിഡ് പകരുമെന്ന ഭീതിയിൽ രണ്ടുഗ്രാമങ്ങൾക്കിടയിൽ പണിത പാലം പൊളിച്ചു. താനൂർ നഗരസഭയിലെ ചീരാൻ കടപ്പുറത്തെയും താനാളൂർ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടുങ്ങലിനെയും ബന്ധിപ്പിക്കുന്ന കനോലി കനാലിനു കുറുകെയുള്ള മുളപ്പാലമാണ് പൊളിച്ചത്. താനാളൂർ ഗ്രാമപ്പഞ്ചായത്ത് കുണ്ടുങ്ങൽ വാർഡിലെ സി.പി.എം. അംഗം കാദർകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലം പൊളിച്ചതെന്ന് താനൂർ നഗരസഭ ആരോപിച്ചു.കണ്ടയ്ൻമെന്റ് സോണായ ചീരാൻകടപ്പുറം ഭാഗത്തുള്ളവർ കടക്കാതിരിക്കാൻ വ്യാഴാഴ്ച രാത്രിയാണ് പാലം പൊളിച്ചതെന്നാണ് ആരോപണം. പാലം പൊളിച്ചതറിയാതെ നിരവധി ആളുകൾക്ക്‌ പുഴയിൽവീണ്‌ പരിക്കേറ്റെന്ന് നാട്ടുകാർ പറഞ്ഞു. താനൂർ നഗരസഭയോട് ആലോചിക്കാതെയെടുത്ത തീരുമാനമാണിതെന്നും ആരുടെയും നിർദേശമില്ലാതെയാണ് പാലം പൊളിച്ചതെന്നും താനൂർ നഗരസഭാധ്യക്ഷ സി.കെ. സുബൈദ പറഞ്ഞു. എന്നാൽ കണ്ടെയ്‌ൻമെന്റ് സോണിൽനിന്ന് ആളുകൾ എത്തുന്നത് തടയാനാണ് പാലം അടച്ചതെന്നും പാലം പൊളിച്ചിട്ടില്ലെന്നും കാദർകുട്ടി പറഞ്ഞു. ഇതിനിടെ ഇരുപത്തഞ്ചോളം വരുന്ന സംഘം തങ്ങളെ ആക്രമിച്ചതായും കാദർകുട്ടി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2VmW3ZA
via IFTTT