Breaking

Saturday, June 27, 2020

സുബൈദയുടെ ജീവിതമാതൃക ഇനി വെള്ളിത്തിരയിൽ കാണാം

കാളികാവ് (മലപ്പുറം): നാലരപ്പതിറ്റാണ്ടുമുൻപ്‌, ശ്രീധരന് ഒരു വയസ്സുള്ളപ്പോഴാണ് അമ്മ ചക്കി ലോകത്തോട് വിടപറഞ്ഞത്. ഭർത്താവ് നേരത്തേ മരിച്ചതിനാൽ വീട്ടുജോലിയെടുത്താണ് ചക്കി മക്കളെ വളർത്തിയത്. അമ്മ മരിക്കുമ്പോൾ വീട്ടിൽ കൂട്ടിനായി അവശേഷിച്ചത് രണ്ട്‌ ചേച്ചിമാർ മാത്രം. ഇനിയെന്തെന്നറിയാതെ അന്തിച്ചുനിന്ന ആ കുട്ടികളുടെ കൈപിടിക്കാൻ അന്നെത്തിയതാണ് അയൽവാസിയും അമ്മയുടെ കൂട്ടുകാരിയുമായ അടയ്ക്കാക്കുണ്ടിലെ തെന്നാടൻ സുബൈദ.തന്റെ മൂന്ന്‌ മക്കളോടൊപ്പം ചക്കിയുടെ മൂന്ന്‌ മക്കളേയും സുബൈദ വളർത്തി വലുതാക്കി. മൂന്ന്‌ മക്കളെ മുസ്‌ലീമായും മൂന്ന്‌ മക്കളെ ഹിന്ദുവായും. ഭർത്താവ് അസീസ് ഹാജി സുബൈദയ്ക്ക് പിന്തുണയുമായിനിന്നു.ഒരു വർഷംമുൻപ്‌ സുബൈദ മരിച്ചപ്പോൾ 45-കാരനായ ശ്രീധരൻ ഗൾഫിലെ ജോലിസ്ഥലത്തുനിന്ന് സമൂഹമാധ്യമത്തിൽ അയച്ച സന്ദേശം വൈറൽ ആയപ്പോഴാണ് പുറംലോകം ഈ കഥ അറിയുന്നത്: ‘എന്റെ ഉമ്മ മരിച്ചു, സ്വർഗീയ ജീവിതത്തിനായി എല്ലാവരും പ്രാർഥിക്കണം. എനിക്ക് ഒരു വയസ്സായപ്പോൾ അമ്മ മരിച്ചതാണ്. രണ്ട് ചേച്ചിമാരും ഉണ്ട്. അമ്മ മരിച്ചദിവസംതന്നെ ഞങ്ങളെ മൂന്ന് പേരേയും ആ ഉമ്മയും ഉപ്പയും അവരുടെ വീട്ടിൽ താമസിപ്പിച്ചു. സ്വന്തം മക്കളായിക്കണ്ട് വിദ്യാഭ്യാസവും നൽകി വളർത്തി. ചേച്ചിമാരെ കല്യാണം കഴിപ്പിച്ചുവിട്ടതും അവരാണ്. പെറ്റമ്മയെക്കാൾ വലുതല്ല പോറ്റമ്മ എന്നു പറയാറുണ്ടെങ്കിലും ഞങ്ങൾക്ക് ഇവർ പോറ്റമ്മയല്ല പെറ്റമ്മ തന്നെയാണ്. അവസാനമായി ഒരുനോക്ക് കാണാൻ കഴിഞ്ഞില്ല എന്ന വേദന ബാക്കിനിൽക്കുന്നു’- ഇതായിരുന്നു ഒമാനിൽ നിന്നുള്ള ശ്രീധരന്റെ പോസ്റ്റ്. സുബൈദയുടെ ജീവിതം സിനിമയാകുന്നൂവെന്നതാണ് മക്കളായ ഷാനവാസിനും ശ്രീധരനുമൊക്കെ സന്തോഷംനൽകുന്ന ഒടുവിലത്തെ വാർത്ത. സിദ്ദീഖ് പറവൂർ സംവിധാനംചെയ്യുന്ന സിനിമയിൽ സുരഭി സുബൈദയുടെ വേഷമണിയും. ചിത്രീകരണത്തിന്റെ സ്വിച്ച്ഓൺ സുബൈദയുടെ ഭർത്താവ് അസീസ് ഹാജി വീട്ടുമുറ്റത്ത് മക്കളായ ഷാനവാസിനും ജാഫറിനും ഒപ്പം നിർവഹിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Z6xKjG
via IFTTT