Breaking

Friday, June 26, 2020

പത്ത് ഇന്ത്യൻ സൈനികരെ ചൈന തടഞ്ഞുവെച്ചത് മൂന്നുദിവസം

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഈ മാസം 15-നു നടന്ന സംഘർഷത്തിനിടയിൽ ചൈനീസ് സേനയുടെ (പി.എൽ.ഐ.) പിടിയിലായ 10 ഇന്ത്യൻ പട്ടാളക്കാരെ വിട്ടുകിട്ടിയത് മൂന്നുദിവസത്തിനുശേഷം. ഈമാസം 16 മുതൽ 18 വരെ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ചൈന വഴങ്ങിയത്. ഇന്ത്യ 16-നു രാവിലെത്തന്നെ ഒരു ഡസനോളം ചൈനീസ് സൈനികരെ കൈമാറിയെങ്കിലും 24 മണിക്കൂറിനു ശേഷമാണ് 50 സൈനികരെ ചൈന ഇന്ത്യക്ക്‌ വിട്ടുതന്നത്. നാല് ഓഫീസർമാരുൾപ്പെടെ 10 സൈനികരെ കൈമാറാൻ പിന്നെയും മൂന്നുദിവസമെടുത്തു. സംഘർഷത്തിൽ ഇന്ത്യക്ക് കേണലടക്കം 20 സൈനികരെയാണു നഷ്ടമായത്. ഇതിൽക്കൂടുതൽ പേർ ചൈനയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നു.15-ന് രാത്രി സംഘർഷം അവസാനിച്ച ശേഷം ഇന്ത്യയും ചൈനയും പരസ്പരം തങ്ങളുടേതെന്നവകാശപ്പെടുന്ന മേഖലകളിൽ പരിക്കേറ്റ സഹപ്രവർത്തകരെ കണ്ടെത്താൻ പരതിനടന്നതായി സൈനികവൃത്തങ്ങൾ പറയുന്നു. പിറ്റേന്നു രാവിലെ തങ്ങൾക്കുകിട്ടിയ ചൈനീസ് സൈനികരെ ഇന്ത്യ കൈമാറി. എന്നാൽ, ഇന്ത്യൻ സൈന്യത്തിനുമേൽ മാനസികാധിപത്യം സ്ഥാപിക്കാൻ ചൈന വിട്ടുനൽകൽ വൈകിപ്പിച്ചു. 24 മണിക്കൂറിനുശേഷം സാരമായും അല്ലാതെയും പരിക്കേറ്റ 50 സൈനികരെ ചൈന ഇന്ത്യക്കു കൈമാറി. ബാക്കി 10 സൈനികരെ വിട്ടുകിട്ടലായിരുന്നു 16 മുതൽ 18 വരെ നടന്ന മേജർ ജനറൽതല ചർച്ചയുടെ പ്രധാന അജൻഡ. എന്നാൽ, അതിർത്തിയിലെ സ്ഥിതി വഷളാകാതിരിക്കാനും സൈന്യത്തെ പിൻവലിക്കാനുമാണിതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.18-ന് ചർച്ചയുടെ അവസാനം വൈകുന്നേരത്തോടെയാണ് ചൈന 10 സൈനികരെ വിട്ടയച്ചത്. പിന്നാലെ സംഘർഷത്തിൽ കാണാതായ എല്ലാവരുടെയും കണക്കു കൃത്യമാക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറഞ്ഞു. സേനാപിന്മാറ്റം സംബന്ധിച്ച ചർച്ച പിന്നീടാണു പുരോഗമിച്ചത്. 22-നു നടന്ന കോർ കമാൻഡർതല ചർച്ചയിൽ സേനാപിന്മാറ്റം വിഷയമായി.ഗാൽവൻ താഴ്‌വരയിലെ പട്രോൾ പോയന്റ് 14-ൽ നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമം ഇന്ത്യൻ സേന തടഞ്ഞതാണ് കടുത്ത സംഘർഷത്തിലേക്ക് നീങ്ങിയത്.


from mathrubhumi.latestnews.rssfeed https://ift.tt/380Rt8J
via IFTTT