കോഴിക്കോട്: കേന്ദ്ര മന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമർശവുമായി ദേശാഭിമാനി മുഖപ്രസംഗം. പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ ഇറക്കി തുരങ്കംവയ്ക്കാനാണ് മന്ത്രി വി മുരളീധരൻ ശ്രമിച്ചത്. എന്നാൽ, സ്വന്തം മന്ത്രാലയംപോലും അതിന് ചെവികൊടുത്തില്ല എന്ന് സംസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വിദേശമന്ത്രാലയ പ്രസ്താവന വ്യക്തമാക്കുന്നുവെന്നും ദേശാഭിമാനി പറയുന്നു. മന്ത്രി പറയുന്നത് കോംപ്ലിമെന്റ് എന്ന പദത്തിന്റെ അർഥം പ്രശംസ എന്നല്ല എന്നാണ്. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ ഓക്സ്ഫഡ്, കേംബ്രിഡ്ജ് നിഘണ്ടുക്കളെങ്കിലും മറിച്ചുനോക്കാൻ അദ്ദേഹം തയ്യാറാകണമെന്നും കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് പാർലമെന്റിൽ എത്തിയ ആളല്ലെങ്കിലും തലശേരിയിൽ ജനിച്ച് കേരളത്തിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിവരെ ഉയർന്ന ഈ മന്ത്രിക്ക് കേരളം എന്ന് കേൾക്കുമ്പോൾ കലിവരുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല. സംസ്ഥാന ബിജെപിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമർഷമാണോ ഈ വിരോധത്തിന് കാരണമെന്നും ദേശാഭിമാനി ചോദിക്കുന്നു. ഒരു നല്ല വാക്കുപോലും കേരളത്തിന്റെ മികച്ച രോഗപ്രതിരോധത്തെക്കുറിച്ച് പറയാൻ കേന്ദ്രമന്ത്രി തയ്യാറായിട്ടില്ല. എന്നും വിദ്വേഷ രാഷ്ട്രീയത്തിന്റെ കൊടി ഉയർത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധം എന്നുകരുതി സമാധാനിക്കുകയേ വഴിയുള്ളൂ. ഒരു സാധാരണ രാഷ്ട്രീയക്കാരൻ എന്ന നിലയിൽനിന്ന് കേന്ദ്രമന്ത്രി എന്ന നിലവാരത്തിലേക്ക് ഉയരാൻ വി മുരളീധരന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കേരളത്തിനെ അപഹസിക്കാൻ മാത്രമായി, കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ മാത്രമായി ഒരു കേന്ദ്രമന്ത്രി എന്തിനാണെന്നും പ്രബുദ്ധ കേരളത്തിന് ബാധ്യതയാകുകയാണോ ഈ കേന്ദ്രമന്ത്രിയെന്നും ചോദിച്ചുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. Content Hifglights: Deshabhimani editorial criticizing V Muralidharan
from mathrubhumi.latestnews.rssfeed https://ift.tt/2AcWv5C
via
IFTTT