കൊച്ചി: ചലച്ചിത്രതാരം ഷംനകാസിമിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച പ്രതികൾ കൂടുതൽ പ്രമുഖരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഷംനയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇവർക്കെതിരെ കൂടുതൽ പേർ പരാതിയുമായി മരട് പോലീസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങൾ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. രണ്ടുമോഡലുകളാണ് ഇവർക്കെതിരെ മരട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ഇവരിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ കഴിയുമോ അതോ നിലവിലുള്ള കേസിൽ ഇവരുടെ പരാതി ഉൾപ്പെടുത്തി അന്വേഷിക്കാൻ കഴിയുമോ എന്ന് പോലീസ് തീരുമാനിക്കും. കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ സെലിബ്രിറ്റികളെപറ്റിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന് തന്നെയാണ് ഇതോടെ വെളിവാകുന്നത്. കാസർകോട് സ്വദേശിയായ ഒരു ടിക് ടോക് താരത്തിന്റെ ചിത്രം വെച്ചാണ് ഇവർ ഷംന കാസിമിനെ പറ്റിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ മുഖ്യപ്രതി പിടിയിലാകാനുണ്ട്. വിവാഹാലോചനയ്ക്കെന്ന പേരിലാണ് ഷംനയുടെ കുടുംബത്തിനെ പ്രതികൾ ഫോണിലൂടെ സമീപിക്കുന്നത്. ഷംനയുടെ കുടുംബം താത്പര്യമറിയിച്ചു. തുടർന്ന് പയ്യനും പിതാവും പെണ്ണുകാണാൻ എത്താമെന്നറിയിച്ചു. എന്നാൽ, ജൂൺ മൂന്നിന് മറ്റ് ആറുപേരാണ് മരടിലെ ഷംനയുടെ വീട്ടിലെത്തുന്നത്. പയ്യനും പിതാവും മറ്റൊരുദിവസം വരുമെന്നും അറിയിച്ചു. പന്തികേടു തോന്നിയപ്പോൾ ഇവരെപ്പറ്റി ഷംനയുടെ പിതാവ് കൂടുതൽ അന്വേഷിച്ചു. തന്ന വിവരങ്ങൾ തെറ്റാണെന്നു ബോധ്യപ്പെട്ടു. പിന്നീടാണ് ഒരുലക്ഷം രൂപ ചോദിച്ച് സംഘം ഫോണിലൂടെ ഷംനയെ ഭീഷണിപ്പെടുത്തിയത്. പണം തന്നില്ലെങ്കിൽ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് നടിയുടെ മാതാവ് പോലീസിൽ പരാതി നൽകി. തൃശ്ശൂർ വാടാനപ്പിള്ളി അമ്പലത്ത് റഫീഖ്(30), കടവല്ലൂർ കമ്മക്കാട്ട് രമേശ്(35), കൈപ്പമംഗലം പുത്തൻപ്പുര ശരത്ത്(25), ചേറ്റുവ സ്വദേശി അമ്പലത്ത് അഷ്റഫ്(52) എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. ഇവരുടെ തട്ടിപ്പിൽ മറ്റാരും ഇരകളാകാതിരിക്കാനാണ് പോലീസിൽ പരാതി നൽകിയതെന്ന് ഷംന പറഞ്ഞു. ഇപ്പോൾ അറസ്റ്റിലായവരെക്കാൾ കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. വരനായി എത്തിയ ആളോട് ഒന്നുരണ്ടു തവണ ഫോണിൽ സംസാരിച്ചിരുന്നു. ഇതിനകം വീട്ടുകാരുമായി ഇവർ വലിയ അടുപ്പം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞദിവസം വരനായി എത്തിയയാൾ ഫോണിൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ആരെയും അറിയിക്കേണ്ടെന്നും തന്റെ സുഹൃത്ത് വരുമ്പോൾ കൊടുത്തുവിട്ടാൽ മതിയെന്നും പറഞ്ഞു. ഇതിനിടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിവാഹാലോചനയുമായി വന്നവർ വീടും പരിസരവും മൊബൈൽ ഫോണിൽ പകർത്തിയതായി കണ്ടെത്തി. ഇതോടെ, അമ്മതന്നെയാണ് പോലീസിൽ പരാതി നൽകിയത്. വരന്റെ എന്നപേരിൽ കാസർകോടുള്ള ടിക് ടോക് താരത്തിന്റെ ഫോട്ടോയും വീഡിയോകളുമാണ് അയച്ചുനൽകിയത്സ, ഷംന കാസിം പറയുന്നു
from mathrubhumi.latestnews.rssfeed https://ift.tt/3fSHVzl
via
IFTTT