കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങുമ്പോൾ താഴെ തട്ടിലെ സംഘടനാ പ്രശ്നങ്ങൾ ബി.ജെ.പി.ക്ക് തലവേദനയാവുന്നു. അടിത്തട്ടുവരെ ഗ്രൂപ്പ് വ്യാപിച്ചു കിടക്കുന്നതിനാൽ പ്രവർത്തകരെ ഒറ്റ നൂലിൽ കോർത്തെടുക്കാൻ നേതൃത്വത്തിന് പാടുപെടേണ്ടി വരും. മുകൾത്തട്ടിൽ ഇപ്പോഴും മുറിവുണങ്ങാത്തതിനാൽ പലയിടത്തും അനുരഞ്ജന ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങാൻ പോലും ആളില്ല. പാർട്ടി പരിപാടികളിൽ പോലും പങ്കെടുക്കാതെ പല പ്രധാന നേതാക്കളും മാറി നിൽക്കുകയാണ്.ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളിലാണ് കൂടുതൽ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. മിക്കയിടത്തും ഓരോ ഗ്രൂപ്പിന്റേയും സ്ഥാനാർത്ഥികൾ ജനങ്ങൾക്കിടയിൽ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. സിറ്റിങ് അംഗങ്ങൾക്കെതിരേയുള്ള പടയൊരുക്കവും പലയിടത്തും ശക്തം. വാർഡ് അംഗങ്ങളും മണ്ഡലത്തിലെ പുതിയ ഭാരവാഹികളും തമ്മിലുള്ള തർക്കമാണ് താഴെ തട്ടിൽ ഏറ്റവും രൂക്ഷമായിരിക്കുന്നത്. മണ്ഡലം കമ്മിറ്റികളിൽ നേതാക്കൾ തങ്ങളുടെ ഗ്രൂപ്പിലെ ആളുകളെ തിരുകിക്കയറ്റിയിട്ടുണ്ട്. മറു വിഭാഗക്കാരനായ ജനപ്രതിനിധിക്കെതിരേ മണ്ഡലം കമ്മിറ്റികൾ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്. പുതിയ ആളെ സ്ഥാനാർത്ഥിയായി മുന്നിൽ നിർത്തി മണ്ഡലം കമ്മിറ്റികൾ മുന്നോട്ടു പോകുന്നതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം.മധ്യകേരളത്തിൽ ബി.ജെ.പി.ക്ക് ഏറ്റവും ജനപിന്തുണയുള്ള സ്ഥലങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി. അവിടെ ഒമ്പത് സിറ്റിങ് കൗൺസിലർമാർ ഇപ്പോൾ പ്രദേശത്തെ പാർട്ടിയുമായി ഇടഞ്ഞ് മുന്നോട്ടു പോവുകയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ഒരു ഗ്രൂപ്പായി നിന്ന് പാർട്ടി സ്ഥാനാർത്ഥിക്കെതിരേ പോരാടാനുള്ള ഒരുക്കത്തിലാണ് അവർ. കൊച്ചി കോർപ്പറേഷനിൽ മുപ്പതുവർഷമായി ബി.ജെ.പി.യെ പ്രതിനിധീകരിക്കുന്ന ശ്യാമള പ്രഭു പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നിട്ടു കൂടി, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രാദേശിക ആർ.എസ്.എസ്. നേതൃത്വം അവർക്കെതിരേ റിബൽ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നു. പ്രാദേശിക പാർട്ടിയിൽനിന്നുള്ള എതിർപ്പുകളെ അതിജീവിച്ചാണ് അവർ വിജയിച്ചത്. ഈ സാഹചര്യം ഇപ്പോൾ പാർട്ടിയുടെ മറ്റ് ജനപ്രതിനിധികളും അനുഭവിക്കുന്ന അവസ്ഥയാണ്.ശക്തികേന്ദ്രങ്ങളിൽ റിബലുകളെ ഇല്ലാതാക്കാനുള്ള വെല്ലുവിളിയായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേരിടുന്ന പ്രധാന പ്രശ്നം. ആയിരത്തി മുന്നൂറോളം വാർഡുകളിൽ ബി.ജെ.പി.ക്ക് ഇപ്പോൾ പ്രതിനിധികൾ ഉണ്ട്. അവ കാത്തുസൂക്ഷിച്ചിട്ടു വേണം പാർട്ടിക്ക് പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് ആലോചിക്കാൻ. തിരുവനന്തപുരം കോർപ്പറേഷൻ, പാലക്കാട്, മാവേലിക്കര, തൊടുപുഴ, തൃപ്പൂണിത്തുറ, കുന്നംകുളം, കാഞ്ഞങ്ങാട് തുടങ്ങി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കിൽ ആദ്യം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് അറുതി വരുത്തേണ്ടതുണ്ട്. വാർഡുതലത്തിൽ സമിതികൾ ഉണ്ടാക്കി പലയിടത്തും പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും, സമിതികളിൽ സ്ഥാനാർത്ഥിമോഹികളുടെ കൂട്ടപ്പൊരിച്ചിലാണെന്നും നേതാക്കൾതന്നെ കുറ്റപ്പെടുത്തുന്നുണ്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകൾവരെയുണ്ടാക്കി തങ്ങളുടെ ആളുകൾക്കായി പാർട്ടിക്കകത്ത് കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. പാർട്ടി പ്രഖ്യാപിക്കുന്ന പരിപാടികൾപോലും രണ്ടും മൂന്നും ഗ്രൂപ്പായി നടത്തുന്ന സ്ഥലങ്ങളും ധാരാളം. സ്ഥാനാർത്ഥിമോഹികൾ പ്രാദേശിക പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യാൻ ഇറങ്ങുന്നതിനാൽ ഒരു വാർഡിൽത്തന്നെ ബി.ജെ.പി.യുടെ പല സമരങ്ങളും അരങ്ങേറുന്നുണ്ട്. നേതൃത്വം ഇപ്പോൾ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ എല്ലാത്തിനും ഒരു ക്രമം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
from mathrubhumi.latestnews.rssfeed https://ift.tt/3i6wLsM
via
IFTTT