ദുബായ്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി യുഎഇ. മൂന്ന് മാസം നീണ്ടുനിന്ന ദേശീയ അണുനശീകരണ പരിപാടിയുടെ ഭാഗമായാണ് യുഎഇയിലുടനീളം യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.അണുനശീകരണം പൂർത്തിയായതോടെരാത്രിയിലടക്കമുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം ഏത് പ്രായക്കാർക്കും ഇനി ഏത് സമയത്തും യാത്രചെയ്യാം. പ്രായമായവർക്കും കുട്ടികൾക്കും ഇനി മാളുകളിലും ഭക്ഷണശാലകളിലും അടക്കം എല്ലായിടത്തും പ്രവേശനമുണ്ടാകും. യാത്രാ നിയന്ത്രണങ്ങൾ മാത്രമേ നീക്കിയിട്ടുള്ളൂ എന്നും കൊറോണ പ്രതിരോധത്തിനായുള്ള മറ്റെല്ലാ ജാഗ്രതയും തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പുറത്തിറങ്ങുമ്പോഴും ഓഫീസുകളിലും മുഖാവരണം നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കണം. കൂട്ടംകൂടി നിൽക്കരുത്. നിയമലംഘനത്തിന് നേരത്തേ പ്രഖ്യാപിച്ച പിഴ അടക്കമുള്ള ശിക്ഷകൾ നിലനിൽക്കുന്നുണ്ടെന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. കാറിൽ മൂന്ന് പേർക്ക് മാത്രമേ യാത്രചെയ്യാൻ അനുമതിയുള്ളൂ. ഒരേ കുടുംബത്തിലുള്ളവരാണെങ്കിൽ തടസ്സമില്ല. ഒരാളിൽ കൂടുതൽ യാത്രക്കാർ വാഹനങ്ങളിൽ ഉണ്ടെങ്കിൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. അബുദാബിയിൽ യാത്രാ നിയന്ത്രണങ്ങൾ തുടരും. എമിറേറ്റിനകത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നതിന് തടസ്സമില്ല. അബുദാബിക്ക് പുറത്ത് പോകുന്നതിനും അനുമതി ആവശ്യമില്ല. എന്നാൽ എമിറേറ്റിനകത്തേക്ക് കടക്കുന്നതിന് അബുദാബി പൊലീസിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. അവശ്യ സർവ്വീസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. Content Highlight: UAE remove all restrictions
from mathrubhumi.latestnews.rssfeed https://ift.tt/382Zb2e
via
IFTTT