Breaking

Tuesday, June 30, 2020

1999 വരെയുള്ള യുദ്ധങ്ങള്‍ ഞങ്ങൾ വിജയിച്ചു, ഇനി നിങ്ങളുടെ ഊഴം; ബിജെപിയോട് അമരീന്ദര്‍ സിങ്‌

ചണ്ഡീഗഡ്: മുൻ കാലങ്ങളിലുണ്ടായ എല്ലാ യുദ്ധങ്ങളിലും തങ്ങൾ വിജയിച്ചുവെന്നും ചൈനയുടെ കടന്നാക്രമണത്തിനെതിരെ പ്രതികരിക്കേണ്ട ഊഴം ഇനി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന്റേതാണെന്നും പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അമരീന്ദർ സിങ്. ലഡാക്കിലെ ഇന്ത്യാ-ചൈന അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "1948, 1965, 1971, 1999 എന്നീ കൊല്ലങ്ങളിൽ പാകിസ്താനെതിരെയും ചൈനയ്ക്കെതിരെയും നടന്ന യുദ്ധങ്ങളിൽ വിജയം നമുക്കായിരുന്നു. 1960 മുതൽ ചൈനയുമായി സംഘർഷം തുടരുന്നു, ഗാൽവനിലേത് ആദ്യത്തേതല്ല", അമരീന്ദർ പറഞ്ഞു. ആവശ്യമായ സൈനിക മുൻകരുതലുകൾ കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പുള്ളതായും അക്സായി ചിൻ, സിയാച്ചിൻ എന്നീ അതിർത്തികൾ അടച്ച് ആ മേഖലയിലെ ഇന്ത്യയുടെ സ്വാധീനം ഇല്ലാതാക്കാനുള്ള ചൈനയുടെ ഉദ്ദേശത്തെ കുറിച്ച് ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്-19 പോലെയുള്ള അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നരേന്ദ്രമോദി സജ്ജമാക്കിയ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ചൈന നൽകിയ മുഴുവൻ ധനസഹായവും തിരികെ നൽകണമെന്നും അമരീന്ദർ ആവശ്യപ്പെട്ടു. നമ്മുടെ കുട്ടികൾ കൊല്ലപ്പെടുകയും നമ്മുടെ അതിർത്തിയിൽ കടന്നാക്രമിക്കുകയും ചെയ്ത സന്ദർഭത്തിൽ ചൈനയ്ക്കെതിരെ കർശനനിലപാട് സ്വീകരിക്കണമെന്നും അമരീന്ദർ സിങ് അഭിപ്രായപ്പെട്ടു. കോവിഡ്-19 ന്റെ ഉത്തരവാദിത്വം ചൈനയ്ക്കാണ്, പ്രകോപനം കൂടാതെ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുകയും ചെയ്തു. ഈ രണ്ട് കാരണങ്ങളാൽ ചൈനയിൽ നിന്ന് ലഭിച്ച ധനസഹായം വേണ്ടെന്ന് വെക്കാൻ സർക്കാർ തയ്യാറാവണം. ചൈനയുടെ സഹായമില്ലാതെ തന്നെ ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ ഇന്ത്യയ്ക്ക് സാധ്യമാണെന്നും ചൈനീസ് കമ്പനികളിൽ നിന്ന് ലഭിച്ച പണം മുഴുവൻ മടക്കി നൽകണമെന്നും അമരീന്ദർ സിങ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3eKnQuJ
via IFTTT