കണ്ണൂർ: അവിശ്വസനീയമായിരുന്നു നെഞ്ചുരുകിയ ആ പെൺകുട്ടിയുടെ വിലാപത്തോട് കരുണയുള്ളവരുടെ സ്നേഹപ്രതികരണം. അമ്മയ്ക്ക് കരൾ പകുത്തുനൽകാൻ 18 ലക്ഷം രൂപ വേണമെന്നറിഞ്ഞ അവൾ ആശുപത്രി വരാന്തയിൽ പൊട്ടിക്കരഞ്ഞു. സ്വന്തമായി വീടും കിടപ്പാടവുമില്ലാത്ത അച്ഛൻ ഉപേക്ഷിച്ചുപോയ പെൺകുട്ടി. ഈ ദൈന്യതയറിഞ്ഞ ചാരിറ്റി പ്രവർത്തകനായ തൃശ്ശൂർ സ്വദേശി സാജൻ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ആ കണ്ണീർ മൊബൈലിൽ പകർത്തി ലോകത്തിനുനൽകി വെറും 14 മണിക്കൂർകൊണ്ട് വർഷയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് എത്തിയത് 50 ലക്ഷം രൂപ. പണം വീണ്ടും വന്നുകൊണ്ടേയിരിക്കുമ്പോൾ സാജൻ സാമൂഹികമാധ്യമത്തിൽ വന്നു പറഞ്ഞു. ഇനി പണം അയക്കേണ്ട. ചികിത്സയ്ക്ക് ആവശ്യമായ പണമായി. ബാങ്കുകാരെയും അത് അറിയിച്ചു. അപ്പോഴേക്കും ഒരു മണിക്കൂർകൊണ്ട് വീണ്ടും പത്തുലക്ഷം കൂടിയെത്തി. അല്പം കഴിഞ്ഞപ്പോഴേക്കും 89 ലക്ഷമായി കാരുണ്യവർഷം. ബാങ്കുകാർ പിന്നീട് അക്കൗണ്ട് ക്ലോസ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് പതിനെട്ടരലക്ഷമാണ് ചികിത്സാച്ചെലവ്. അനുബന്ധചികിത്സയും പരിചരണവുമെല്ലാംകൂടി 25 ലക്ഷമെങ്കിലും കണക്കാക്കുന്നു. ബാക്കി തുകയ്ക്ക് വീടില്ലാത്ത വർഷ ഒരു വീടുവെക്കട്ടെ. ബാക്കിയുണ്ടെങ്കിൽ അതവൾ കഷ്ടതയനുഭവിക്കുന്ന മറ്റാർക്കെങ്കിലും കൊടുക്കട്ടെയെന്ന് സാജൻ പറഞ്ഞു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്കാക്കത്തോട് വാടകവീട്ടിലാണ് അമ്മ രാധയും മകൾ വർഷയും താമസിക്കുന്നത്. അമ്മ ഐസ്ക്രീം പാർലറിൽ ജോലിയെടുത്തുള്ള തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുള്ളൂ. മഞ്ഞപ്പിത്തം വന്നു മാറാതിരുന്നപ്പോഴാണ് എറണാകുളം അമൃതയിൽ ചികിത്സയ്ക്കുപോയത്. അപ്പോഴാണ് കരൾ പൂർണമായും നശിച്ചുവെന്നും മാറ്റിവെച്ചാലേ ജീവൻ തിരിച്ചുകിട്ടൂവെന്നും ഡോക്ടർമാർ പറയുന്നത്. പതിനൊന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വ്യാഴാഴ്ച 11 മണിക്കാണ് തുടങ്ങിയത്. ശസ്ത്രക്രിയയ്ക്കുമുമ്പ് വർഷ സാമൂഹികമാധ്യമങ്ങളിലൂടെ എല്ലാവരോടും നന്ദിപറഞ്ഞു. ''ദൈവത്തിന്റെ രൂപത്തിലാണ് സാജനും സുഹൃത്തുക്കളും മുന്നിലെത്തിയത്.'' -അവൾ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3g14jGQ
via
IFTTT