Breaking

Tuesday, June 30, 2020

കോവിഡ്-19ന് വാക്‌സിനുമായി ഇന്ത്യന്‍ കമ്പനി; മനുഷ്യരിൽ പരീക്ഷണം ജൂലൈ മുതൽ

ഹൈദരാബാദ്: കോവിഡ്-19നെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ച വാക്സിൻ ക്ലിനിക്കൽ പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ(covaxin) എന്ന മരുന്ന് ജൂലൈ മാസത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പരീക്ഷിച്ചുതുടങ്ങുമെന്ന് കമ്പനി ചെയർമാൻ ഡോ. കൃഷ്ണ എല്ല വ്യക്തമാക്കി. ഐ.സി.എം.ആർ, എൻ.ഐ.വി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്. പ്രീക്ലിനിക്കൽ ട്രയൽ വിജയിച്ചതിനു പിന്നാലെ വാക്സിൻ പ്രയോഗിക്കുന്നതിന്റെ സുരക്ഷ ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് കമ്പനി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രആരോഗ്യമന്ത്രാലയത്തിനും സമർപ്പിച്ചിരുന്നു. അനുമതി ലഭിച്ചത് പ്രകാരം ജൂലൈ മുതൽ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങും. ഹൈദരാബാദ് ജീനോം വാലിയിൽ ഭാരത് ബയോടെക്കിന്റെ മേൽനോട്ടത്തിലാണ് വാക്സിൻ ഗവേഷണം നടന്നത്. മരുന്ന് കമ്പനികൾ ഉൾപ്പടെ ഇന്ത്യയിൽ മാത്രം മുപ്പതോളം സ്ഥാപനങ്ങൾ വാക്സിൻ വികസിപ്പിക്കാൻ രംഗത്തുണ്ടെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് വാക്സിൻ വികസനത്തിൽ നിർണായക ചുവടുവെയ്പ്പ് നടത്താൻ ഒരു കമ്പനിക്ക് സാധിക്കുന്നത്. ഭാരത് ബയോടെക്കിന്റെ ക്ലിനിക്കൽ പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയായാൽ ചുരുങ്ങിയകാലം കൊണ്ട് വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ രംഗത്തിറക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Content Highlights:COVAXIN, Indias First COVID-19 Vaccine Candidate, Set For Phase I, II Human Trials, Bharath Biotech, Covid-19 Vaccine


from mathrubhumi.latestnews.rssfeed https://ift.tt/3g5XovO
via IFTTT