ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ എല്ലാ പതിവ് തീവണ്ടിസർവീസും ഓഗസ്റ്റ് 12 വരെ നിർത്തിവെക്കാൻ റെയിൽവേ ഉത്തരവിട്ടു. എന്നാൽ, മേയ് 12-നും ജൂൺ ഒന്നിനും സർവീസ് ആരംഭിച്ച പ്രത്യേക സർവീസുകൾക്ക് മുടക്കമുണ്ടാവില്ല. റെഗുലർ വണ്ടികളിൽ ഓഗസ്റ്റ്12 വരെ ടിക്കറ്റ് റിസർവ് ചെയ്തവർക്ക് മുഴുവൻതുകയും തിരിച്ചുനൽകും. ഓഗസ്റ്റിനിടയിൽ ഇനി പുതുതായി സ്പെഷ്യൽ വണ്ടികൾ ഓടിക്കുമോ എന്ന് വ്യക്തമല്ല. കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും വണ്ടികൾകൂടി സർവീസ് നടത്താൻ ഈയിടെ തീരുമാനിച്ചിരുന്നു. കേരളത്തിലും രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ ഇനി അതിന് സാധ്യത കുറവാണ്. സംസ്ഥാനത്ത് മാവേലി, മലബാർ, അമൃത സ്പെഷ്യലുകൾ ഓടിക്കാനായിരുന്നു തീരുമാനം. ഇപ്പോൾ ഡൽഹിയിൽനിന്നുള്ള രാജധാനി, മംഗള എക്സ്പ്രസുകളും മുംബൈയിൽനിന്നുള്ള നേത്രാവതി എക്സ്പ്രസുമാണ് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസായി ഓടിക്കൊണ്ടിരിക്കുന്നത്. ഇവയ്ക്കാകട്ടെ എല്ലായിടത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുമില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2NxkYp2
via
IFTTT