Breaking

Saturday, June 27, 2020

'അവരുടെ കണ്ണുകളിൽ കാഴ്ചയെത്തട്ടെ, ആ വെളിച്ചത്തിൽ ഞാൻ ലോകം കാണും' 90 പേർക്ക് കാഴ്ചയെത്തിച്ച് രാംകുമാർ

കൊച്ചി: മറ്റുള്ളവരുടെ മരണം കാത്തിരിക്കുന്നയാൾ, മരണവീട്ടിൽ ഔചിത്യമില്ലാതെ അവയവം ചോദിച്ചെത്തുന്നയാൾ... അധിക്ഷേപങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട് രാംകുമാർ എന്ന അമ്പതിരണ്ടുകാരൻ. ചിലർ കഴുത്തിനുപിടിച്ച് തള്ളും. തല്ലാനോങ്ങും. അസഭ്യം പറയും. ഒന്നിലും തളരാതെ രാംകുമാർ കാഴ്ചയെത്തിച്ചത് തൊണ്ണൂറ് പേർക്കാണ്.28 വർഷംമുമ്പ് ഗ്ളൂക്കോമയെത്തുടർന്ന് കാഴ്ച പൂർണമായും നഷ്ടപ്പെട്ടയാളാണ് ഇരുമ്പനം മഠത്തിൽവീട്ടിൽ രാംകുമാർ എന്ന ഉണ്ണി. മരണാനന്തര സമ്മതപത്രം ശേഖരിച്ച് നേത്രബാങ്കുകൾക്ക് കൈമാറുകയല്ല രാംകുമാറിന്റെ വഴി. സമ്മതപത്രം എഴുതിവെച്ചാലും മരിച്ചയാളുടെ ബന്ധുക്കൾ അവയവം ദാനംചെയ്യാൻ സമ്മതിക്കാറില്ല. മരണം നടന്നാൽ നേരിട്ടെത്തി ബന്ധുക്കളോട് സംസാരിച്ചാണ് കണ്ണുകൾ ദാനംചെയ്യാനുള്ള അനുമതി വാങ്ങുന്നത്. ഇരുനൂറിലധികം മരണവീടുകളിൽ കണ്ണ് ചോദിച്ച് ചെന്നിട്ടുണ്ട്. മിക്കവരും ഇറക്കിവിട്ടു. ശേഖരിച്ച 45 പേരുടെ കണ്ണുകൾ കാഴ്ചനൽകിയത് തൊണ്ണൂറ് പേർക്ക്. മരണം നടന്ന് ആറ് മണിക്കൂറിനുള്ളിൽ കണ്ണ് എടുക്കാനായില്ലെങ്കിൽ പ്രയോജനമില്ല. “ആരാണെന്നും എവിടെയാണെന്നും അറിയാത്ത അവരിലൂടെയാണ് ഞാൻ ലോകം കാണുന്നത്”- രാംകുമാർ പറയുന്നു. ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന സക്ഷമ, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി, അമൃത ആശുപത്രിയിലെ കോർണിയ അന്ധതാ മുക്ത് ഭാരത് എന്നിവരുടെ സഹകരണത്തോടെയാണു പ്രവർത്തനം. കൊച്ചിൻ റിഫൈനറിയിൽ ടെലിഫോൺ ഓപ്പറേറ്ററാണ് രാംകുമാർ.ഭക്ഷണത്തിന് നല്ല രുചിയുണ്ടോ... 1992-ലാണ് രാംകുമാറിന് കാഴ്ച നഷ്ടപ്പെടുന്നത്. ഗ്ളൂക്കോമ തിരിച്ചറിയാൻ വൈകി. കൊച്ചിൻ റിഫൈനറിയിലെ മുൻ ഡയറക്ടർ കോശി വർഗീസിന്റെ ഭാര്യ മോളി കോശിക്ക് സാമൂഹിക പ്രവർത്തനത്തിൽ താത്പര്യമുണ്ടായിരുന്നു. കാഴ്ച നഷ്ടടപ്പെട്ട വേദനയിൽ കഴിയുന്ന രാംകുമാറിനെ വിളിച്ച് തനിക്കൊപ്പം ചില വീടുകളിൽ ഭക്ഷണവും മരുന്നുകളും എത്തിക്കാൻ വരണമെന്നാവശ്യപ്പെട്ടു. മടങ്ങുംവഴി ഹോട്ടലിൽ ഭക്ഷണം കഴിക്കവേ അവർ ചോദിച്ചു- ഭക്ഷണത്തിന് രുചിയുണ്ടോയെന്ന്. നമ്മൾ ഭക്ഷണവും മരുന്നും എത്തിച്ചതൊക്കെ അർബുദ രോഗികളുടെ വീട്ടിലാണ്. കഴുത്തും മൂക്കും വയറുമൊക്കെ തുളച്ചു ട്യൂബിട്ടിരിക്കുന്നവർ. രുചിമുകുളങ്ങൾ എന്നേ നഷ്ടപ്പെട്ടുപോയവർ. അത് കേട്ടശേഷം പിന്നീട് ഒരിക്കലും സ്വന്തം പരിമിതിയോർത്ത് രാംകുമാർ സങ്കടപ്പെട്ടിട്ടില്ല. ഭാര്യ സതീദേവി, മക്കളായ ഐശ്വര്യ ആർ. മേനോൻ, അപർണ ആർ. മേനോൻ, മരുമകൻ അജിത് മോഹൻ എന്നിവരടങ്ങുന്നതാണ് കുടുംബം.


from mathrubhumi.latestnews.rssfeed https://ift.tt/2CCufdh
via IFTTT