കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ സി.പി.എം. കളമശ്ശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി.എ. സക്കീർ ഹുസൈനെ പാർട്ടിയിൽനിന്ന് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനം. ബുധനാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് സസ്പെൻഷൻ നടപടി എടുത്തത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, കെ. രാധാകൃഷ്ണൻ, എം.സി. ജോസഫൈൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സക്കീർ ഹുസൈനെ സെക്രട്ടേറിയറ്റ്യോഗത്തിൽ വിളിച്ചുവരുത്തി പറയാനുള്ളത് കേട്ട ശേഷമായിരുന്നു നടപടി. എന്നാൽ ഇതു സംബന്ധിച്ച് പാർട്ടി ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ആദ്യം ചർച്ച ചെയ്തപ്പോൾ ജില്ലാ കമ്മിറ്റി സക്കീർ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് അയച്ചപ്പോൾ നടപടി പോരെന്ന നിലപാടിലായിരുന്നു നേതൃത്വം. റിപ്പോർട്ടിന്മേൽ ജില്ലയിൽ നടന്ന ചർച്ച മയപ്പെട്ട രീതിയിലാണെന്ന കുറ്റപ്പെടുത്തലാണ് സംസ്ഥാന നേതൃത്വത്തിൽനിന്ന് ഉണ്ടായത്. കുറച്ചുകൂടി കനത്ത ശിക്ഷ വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം പരിഗണിച്ചാണ് ബുധനാഴ്ച വീണ്ടും യോഗം ചേർന്ന് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. നോർത്ത് കളമശ്ശേരി സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയായ കെ.കെ. ശിവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനെതിരേ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മിഷനെ വെച്ചത്. പാർട്ടി ജീവിതശൈലിക്ക് നിരക്കാത്ത രീതിയിൽ സ്വത്ത് സമ്പാദിച്ചു, വീടുകളും വാഹനങ്ങളും സ്വന്തമാക്കി, അനധികൃതമായി വിദേശയാത്രകൾ നടത്തി തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ സക്കീറിനെതിരേ പരാതിയിൽ ഉന്നയിച്ചിരുന്നു. അന്വേഷണത്തിൽ ആരോപണങ്ങളിൽ പലതും ശരിയാണെന്ന് കണ്ടെത്തി. Content Highlights:cpm area scretery Zakir Hussain Suspended for six months
from mathrubhumi.latestnews.rssfeed https://ift.tt/2BEHNV6
via
IFTTT