തിരുവനന്തപുരം: കേരള കോൺഗ്രസുമായുള്ള തർക്കത്തിനൊടുവിൽ യു.ഡി.എഫ്. തീരുമാനിച്ചു, മുന്നണിയിൽ അച്ചടക്കം വേണം, ധാരണ പാലിക്കപ്പെടണം. ആർക്കും എന്തുമാകാമെന്ന സ്ഥിതി പാടില്ല. കോൺഗ്രസും മുസ്ലിം ലീഗും ഉന്നയിച്ച ഈ നിർദേശത്തോട് മറ്റുഘടകകക്ഷികളും യോജിച്ചതോടെയാണ് ജോസ് കെ. മാണി പക്ഷം മുന്നണിക്ക് പുറത്തായത്. കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ധാരണയുണ്ടെന്ന് യു.ഡി.എഫും ഇല്ലെന്ന് ജോസും പറയുന്നതാണ് തർക്കത്തിന്റെ കേന്ദ്രബിന്ദു. മുന്നണി ചെയർമാനായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്നുണ്ടാക്കിയ ധാരണയില്ലെന്ന് ജോസ് പക്ഷം പറഞ്ഞതാണ് കടുത്ത തീരുമാനത്തിലേക്ക് മുന്നണിയെ നയിച്ചത്. സ്ഥിരം തമ്മിൽത്തല്ലുന്ന കേരള കോൺഗ്രസ് വിഭാഗങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പും നേരിടുക പ്രയാസമാണെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്. രണ്ടിലൊരു വിഭാഗത്തിനെ കൂടെനിർത്താനുള്ള തീരുമാനത്തിലേക്ക് ഇതുംനയിച്ചു. തിരിച്ചുവരാൻ ഉപാധികൾ രണ്ട് ഉപാധികളാണ് മുന്നണിയിലേക്ക് മടങ്ങിവരാൻ യു.ഡി.എഫ്. മുന്നോട്ടുവെക്കുന്നത്. കോട്ടയം പാക്കേജിൽ ധാരണയുണ്ടായിരുന്നെന്ന് സമ്മതിക്കണം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നതാണ് മറ്റൊന്ന്. രണ്ടുകാര്യത്തിലും വ്യക്തമായ നിലപാട് എടുത്തുകഴിഞ്ഞ ജോസ് പക്ഷത്തിന് ഇതംഗീകരിക്കാൻ സാധ്യമല്ല. ഇതിനിടെ രമ്യതയ്ക്കായി മറ്റു ചില ഉപാധികൾ ചർച്ചയായി. അടുത്ത പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ഉടനുണ്ടാകണമെന്നായിരുന്നു നിർദേശം. എന്നാൽ, ആദ്യം രാജി, പിന്നീട് മറ്റുചർച്ചകളെന്ന ബദൽ നിർദേശത്തിൽ ചർച്ച നിന്നു. രണ്ടുവർഷത്തിനുശേഷം വീണ്ടും പുറത്ത് യു.ഡി.എഫിൽ തിരിച്ചെത്തി രണ്ടുവർഷമാകുമ്പോഴാണ് ജോസ് പക്ഷം വീണ്ടും മുന്നണിക്ക് പുറത്തുപോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ്. വിട്ടിരുന്നു. എന്നാൽ, മറ്റൊരു മുന്നണിയിലും ചേർന്നുമില്ല. 2018 ജൂണിൽ മാണിയും കൂട്ടരും മുന്നണിയിൽ തിരിച്ചെത്തി. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് വിട്ടുനിൽകിയാണ് കേരള കോൺഗ്രസിനെ ഒപ്പംകൂട്ടിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു ഈ നീക്കം. അന്ന് ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് വി.എം. സുധീരൻ മുന്നണി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അവിശ്വാസത്തിന് സാധ്യതയില്ല അഞ്ചുമാസംമാത്രം അവശേഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ടെന്നാണ് യു.ഡി.എഫ്. ധാരണ. പ്രമേയം പാസാകാൻ സാധ്യത തീരെയില്ല. പ്രമേയം വന്നാൽ സി.പി.എം. ജോസ് പക്ഷത്തെ പിന്തുണയ്ക്കുമെന്നതാണ് കാരണം. Content Highlight: Kerala Congress led by Jose K Mani expelled from UDF
from mathrubhumi.latestnews.rssfeed https://ift.tt/2NIhfFq
via
IFTTT