Breaking

Saturday, June 27, 2020

ചക്ക വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച ഓട്ടോഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട്: ചക്ക വീണ് നട്ടെല്ലുതകർന്നു ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. കോടോം ബേളൂർ പഞ്ചായത്തിലെ കരിയത്ത് ഗ്രാമത്തിലെ കോട്ടൂർ റോബിൻ തോമസാ(44)ണ് മരിച്ചത്. ചികിത്സയിൽ കഴിയവേ ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും നാലുദിവസത്തിനുശേഷം ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു. മേയ് 19-നാണ് റോബിന്റെ തലയിൽ ചക്ക വീണത്. വീട്ടുപറമ്പിലെ പ്ലാവിന്റെ താഴത്തെ കൊമ്പിൽ കയറി കൊക്കകൊണ്ട് ചക്ക പറിക്കുകയായിരുന്നു. ചക്ക മറ്റൊരു കൊമ്പിലേക്ക് വീഴുകയും ഈ കൊമ്പും ചക്കയും ദേഹത്ത് പതിച്ച റോബിൻ താഴേക്കു വീഴുകയുമായിരുന്നു. നട്ടെല്ല്‌ തകർന്ന നിലയിൽ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലുമെത്തിച്ചു. ശസ്ത്രക്രിയ നടത്തുന്നതിനുമുൻപ് കോവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല.സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്ന് വ്യക്തമായെങ്കിലും ആരിൽനിന്നാണ് പകർന്നതെന്ന് കണ്ടെത്താനായില്ല. ഇയാൾ വെന്റിലേറ്ററിലായതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആരോഗ്യവകുപ്പിനും കഴിഞ്ഞില്ല. പരേതനായ തോമസിന്റെയും റോസമ്മയുടെയും മകനാണ്. ഭാര്യ: അൽഫോൻസ (ബിന്ദു). മക്കൾ: റിയ, റോൺ. സഹോദരങ്ങൾ: ജോൺ, റോയി, റീന.


from mathrubhumi.latestnews.rssfeed https://ift.tt/2NvA0fd
via IFTTT