Breaking

Thursday, June 25, 2020

ഏഴ് വര്‍ഷത്തെ പ്രണയം, പിന്നെ വിവാഹം; ഒടുവില്‍ ശ്രുതി വീട്ടിലെത്തിയത് ചേതനയറ്റ്

അന്തിക്കാട്(തൃശ്ശൂർ): ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ പെരിങ്ങോട്ടുകര സ്വദേശി അരുണുമായുള്ള മകളുടെ വിവാഹം ദുരന്തത്തിലായതിന്റെ ആഘാതത്തിലാണ് ശ്രുതിയുടെ മാതാപിതാക്കൾ. 32 വർഷമായി ഹൃദ്രോഗബാധിതനായിട്ടും വിദേശത്തും നാട്ടിലുമായി തയ്യൽജോലി ചെയ്തു വരികയായിരുന്നു ശ്രുതിയുടെ അച്ഛൻ സുബ്രഹ്മണ്യൻ. സംഭവത്തെക്കുറിച്ച് സുബ്രഹ്മണ്യൻ പറയുന്നതിങ്ങനെ: ഐ.ടി.ഐ. പഠനത്തിനിടെയാണ് ഇവർ തമ്മിൽ അടുക്കുന്നത്. പഠനത്തിനുശേഷവും ബന്ധം തുടർന്നപ്പോൾ വിലക്കിയിരുന്നു. അരുണിന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞപ്പോൾ മകളോട് കാര്യങ്ങൾ ബോധ്യപ്പെടുത്തി വേറെ വിവാഹം ഉറപ്പിച്ചു. പക്ഷേ, ഉറപ്പിച്ച വിവാഹം അരുൺ ഇടപെട്ട് മുടക്കുകയാണുണ്ടായത്. തുടർന്നാണ് ശ്രുതിയുടെ നിർബന്ധപ്രകാരം അരുണുമായുള്ള വിവാഹത്തിന് തയ്യാറായത്. 150 പവൻ തനിക്ക് ലഭിക്കുമെന്നും അതിൽ താഴെ നിങ്ങൾ തരണമെന്നും അരുൺ ആവശ്യപ്പെട്ടതായും മകൾ പറഞ്ഞിരുന്നു. പക്ഷേ, തനിക്ക് 40 പവനിൽ കൂടുതൽ മാത്രമേ നൽകാനായുള്ളൂ. മരണം നടക്കുന്ന ദിവസം ഇവരുടെ വീട്ടിൽ അടിപിടി നടന്നതായും ബഹളം കേട്ടിരുന്നതായും പരിസരവാസികൾ പറയുന്നുണ്ട്. രാത്രി എട്ടുമണിവരെ സന്തോഷവതിയായി അമ്മായിയുമായി ഓൺലൈനിൽ സംസാരിച്ചതിനുശേഷം ഒരു വിഷയവുമില്ലാതെ ഞങ്ങളുടെ മകൾ പോയി തൂങ്ങി മരിക്കില്ലല്ലോ. മകൾക്ക് കുഴഞ്ഞുവീഴാൻതക്ക യാതൊരു അസുഖവുമുണ്ടായിരുന്നില്ല. സംഭവസമയത്ത് അരുൺ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാണ് പുറത്ത് ജിമ്മിൽ പോയതും മറ്റും. 8.15-നും 9.45-നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുകളിലെ മുറി ഉപയോഗിച്ചുവരുന്ന ശ്രുതി കുഴഞ്ഞുവീണു കിടന്നത് താഴത്തെ ശൗചാലയത്തിലാണെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. അന്തിക്കാട് പോലീസിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് സുബ്രഹ്മണ്യൻ ഉന്നയിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷവും കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാതായപ്പോഴാണ് മുല്ലശ്ശേരി യുവചേതന ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനകീയ ആക്ഷൻ കൗൺസിലുണ്ടാക്കി സമരപരിപാടികൾക്ക് തുടക്കം കുറിച്ചതെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ പത്തിന് പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ നടക്കുന്ന ഏകദിന ഉപവാസം സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. Content Highlights: thirssur peringottukara sruthy death


from mathrubhumi.latestnews.rssfeed https://ift.tt/2VhCWQS
via IFTTT