Breaking

Tuesday, June 30, 2020

ജോസ് ധാരണ പാലിച്ചില്ല; യു.ഡി.എഫിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നായപ്പോള്‍ പുറത്താക്കി-ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയത് യു.ഡി.എഫിലുള്ള ആരും ആഗ്രഹിക്കാത്ത തീരുമാനമാണെന്ന് ഉമ്മൻചാണ്ടി. യു.ഡി.എഫ്. നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സാഹചര്യം വന്നപ്പോഴാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ. മാണി വിഭാഗം ധാരണ പാലിച്ചില്ല. സംസ്ഥാന തലത്തിലുള്ള ഒരു പ്രശ്നമായിരുന്നില്ല അത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മുമ്പ് തർക്കം വന്നപ്പോൾ യു.ഡി.എഫ്. നേതാക്കൾ ഒരു ധാരണയുണ്ടാക്കിയിരുന്നു. എഗ്രിമെന്റ് ഇല്ല എന്നുള്ളത് ഞങ്ങൾ സമ്മതിച്ചതാണ്. പക്ഷേ ധാരണയുണ്ടായിരുന്നു. എട്ട് മാസം ജോസ് കെ. മാണിയുടെ പാർട്ടിയിൽനിന്നും ആറ് മാസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽനിന്നും പ്രസിഡന്റ് വേണമെന്നുള്ളത്. ആ ധാരണ നടപ്പിലാക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ എടുക്കേണ്ടി വന്ന ഒരു തീരുമാനമാണ് പുറത്താക്കൽ. ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നാല് മാസത്തോളം സമയമെടുത്തു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഞങ്ങൾ ആഗ്രഹിക്കാത്ത തീരുമാനമെടുത്തത്. ആ തീരുമാനമെടുത്തില്ലെങ്കിൽ യു.ഡി.എഫ്. നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സാഹചര്യം വന്നു. ഈ ഘട്ടത്തിലാണ് പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അതേ സമയം ആരുടെ മുന്നിലും വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ പാലിച്ചാൽ വീണ്ടും ചർച്ചകൾക്കും മറ്റുമുള്ള സാധ്യതകളാണ് തുറന്നു കിടക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഞങ്ങളെടുത്ത തീരുമാനം ജോസ് കെ. മാണിയെ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ പ്രതികൂലമായിട്ടാണ് പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫിന് കെ.എം. മാണിനൽകിയ സംഭാവന ഞങ്ങൾ മറന്നിട്ടില്ല. മറക്കുകയുമില്ല. ധാരണ നടപ്പിലാക്കി അവർ മുന്നോട്ടുവരണമെന്നുള്ളതാണ് ഞങ്ങളുടെ ആഗ്രഹം. രണ്ടു വിഭാഗങ്ങളേയും ഒന്നിപ്പിച്ചു നിർത്താനാണ് ശ്രമിച്ചത്. തുടർന്നും അതുണ്ടാകും. ഇനിയും ചർച്ചകൾക്ക് സാധ്യതയുണ്ട്. യു.ഡി.എഫ്. ഒന്നടങ്കം അതാഗ്രഹിക്കുന്നുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. Content Highlights:Kerala Congress faction led by Jose K Mani expelled from UDF-Oommen Chandys response


from mathrubhumi.latestnews.rssfeed https://ift.tt/2NDxaoo
via IFTTT