Breaking

Tuesday, June 30, 2020

ജോസ് വിഭാഗം തത്കാലം സ്വതന്ത്രമായി നിന്നേക്കും

തിരുവനന്തപുരം/കോട്ടയം: യു.ഡി.എഫിൽനിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് വിഭാഗം തത്കാലം സ്വതന്ത്രനിലപാടെടുക്കാൻ സാധ്യത. യു.ഡി.എഫിൽനിന്ന് പുറത്തുപോയെങ്കിലും നേതാക്കളിൽ ഭൂരിഭാഗവും ആ മുന്നണിവിട്ടൊരു നിലപാടിലേക്ക് വരാൻ മാനസികമായി വിഷമമുള്ളവരാണ്. യു.ഡി.എഫിലെ ചില മുതിർന്ന നേതാക്കൾ, ജോസുമായി സംസാരിച്ച് മുന്നണിയിലേക്ക് തിരിച്ചെടുക്കണമെന്ന് അഭിപ്രായമുള്ളവരാണ്. നേരത്തേ, കെ.എം. മാണി യു.ഡി.എഫ്. വിട്ടപ്പോൾ സ്വതന്ത്രനിലപാട് സ്വീകരിക്കാനായിരുന്നു നിശ്ചയിച്ചത്. മുന്നണിയിലേക്ക് മടങ്ങുംവരെ അവർ ആ നില തുടർന്നു. ഇടതുമുന്നണി മാണി ഗ്രൂപ്പുമായി ചർച്ചയ്ക്ക് ശ്രമിച്ചതുമില്ല. സി.പി.എം. ജില്ലാ ഘടകത്തിന് താത്പര്യം: സി.പി.ഐ.ക്ക് എതിർപ്പ് ജോസ് വിഭാഗത്തോട് സി.പി.എം. കോട്ടയം ജില്ലാ ഘടകത്തിന് മൃദുസമീപനമുണ്ട്. ഇതിനോട് കടുത്ത വിയോജിപ്പ് സംസ്ഥാന നേതൃത്വത്തിനില്ല. എങ്കിലും പ്രാദേശിക ധാരണയെന്നതിലപ്പുറം ഒരു നിലപാട് സി.പി.എം. ഇപ്പോൾ സ്വീകരിക്കില്ല. കേരള കോൺഗ്രസിനെ മുന്നണിയിലുൾപ്പെടുത്തുന്നതിനോട് കടുത്ത എതിർപ്പാണ് സി.പി.ഐ.ക്കുള്ളത്. കോട്ടയം ജില്ലാപഞ്ചായത്തിൽ സി.പി.എം. ജോസ് കെ. മാണി വിഭാഗത്തെ പിന്തുണയ്ക്കുന്ന ഘട്ടം വന്നപ്പോഴും അതിനൊപ്പം സി.പി.ഐ. നിന്നിരുന്നില്ല. കേരള കോൺഗ്രസിലെ തർക്കം രൂക്ഷമായ ഘട്ടത്തിൽത്തന്നെ വെന്റിലേറ്ററിലായ പാർട്ടിക്ക് അഭയം നൽകേണ്ട ബാധ്യത എൽ.ഡി.എഫിനില്ലെന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. പി.ജെ. ജോസഫ് വിഭാഗത്തോടുള്ള അനുകൂലമനസ്സുപോലും ജോസ് കെ. മാണിയോട് ഇടതുമുന്നണി ഘടകകക്ഷികൾക്കില്ല. ജനാധിപത്യ കേരള കോൺഗ്രസിനാകട്ടെ ജോസ് വിഭാഗത്തെ ഉൾകൊള്ളാനുള്ള ബുദ്ധിമുട്ടുമുണ്ട്. നിലപാടും രാഷ്ട്രീയ സാഹചര്യവും പാകപ്പെട്ടശേഷംമാത്രം മുന്നണി പ്രവേശനം സംബന്ധിച്ചുള്ള ചർച്ചമതിയെന്നാണ് സി.പി.എം. നേതാക്കളുടെ അഭിപ്രായം. യു.ഡി.എഫിന്റെയോ എൻ.ഡി.എ.യുടെയോ ഭാഗമാകാതെ ജോസ് വിഭാഗം നിലകൊള്ളുകയാണെങ്കിൽ തദ്ദേശസ്ഥാപനങ്ങളിലടക്കം പ്രാദേശിക സഖ്യമുണ്ടാക്കുന്നതിന് സി.പി.എം. രാഷ്ട്രീയ വിലക്ക് പ്രഖ്യാപിക്കില്ല. മുന്നണി പ്രവേശനത്തിന് അവരെ പാകപ്പെടുത്താനുള്ള 'നിരീക്ഷണ കാലയളവായി' സി.പി.എം. ഇതിനെ മാറ്റാനാണ് സാധ്യത. രാഷ്ട്രീയതീരുമാനം സാഹചര്യത്തിനനുസരിച്ച് -മുഖ്യമന്ത്രി രാഷ്ട്രീയതീരുമാനങ്ങൾ എല്ലാകാലത്തേക്കുമായി എടുക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് രാഷ്ട്രീയ തീരുമാനമെടുക്കുക. എൽ.ഡി.എഫ്. നിഷേധനിലപാട് സ്വീകരിച്ചാൽ അവർ എൻ.ഡി.എ. മുന്നണിയിലേക്ക് പോകാനിടയില്ലേയെന്ന ചോദ്യത്തിന്, ജോസ് കെ. മാണിയെ നിലപാട് ഇല്ലാത്തയാളായി ചിത്രീകരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയസാഹചര്യം മാറുമ്പോഴാണ് നിലപാടുകളും സ്വീകരിക്കുക. അത്തരത്തിൽ അവരുടെ നിലപാട് അവർ വ്യക്തമാക്കട്ടെ -മുഖ്യമന്ത്രി പറഞ്ഞു. Content Highlight: Kerala Congress faction led by Jose K Mani expelled from UDF


from mathrubhumi.latestnews.rssfeed https://ift.tt/2YJxmZH
via IFTTT