Breaking

Saturday, June 27, 2020

ലഡാക്കിൽ ഇന്ത്യയുടെ സംയുക്ത സേനാഭ്യാസം

ന്യൂഡൽഹി: സംഘർഷത്തിന് അയവുവരുത്താൻ ഉദ്യോഗസ്ഥ-നയതന്ത്ര തല ചർച്ചകൾ തുടരുമ്പോഴും അതിർത്തിയിൽ യുദ്ധസമാന ജാഗ്രതയുമായി ഇന്ത്യയും ചൈനയും.യഥാർഥ നിയന്ത്രണരേഖയിലുടനീളം കൂടുതൽ സൈന്യത്തെ ചൈന വിന്യസിച്ചതിനുപിന്നാലെ വെള്ളിയാഴ്ച രാവിലെ ഇന്ത്യ ലഡാക്കിൽ കര, വ്യോമ സേനകളുടെ സംയുക്ത സേനാഭ്യാസം നടത്തി. അടിയന്തരഘട്ടത്തിൽ അതിർത്തി മേഖലകളിൽ അതിവേഗം സൈന്യത്തെ വിന്യസിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായാണിത്. അപ്പാച്ചി ഹെലികോപ്റ്ററുകളും സുഖോയ് വിമാനങ്ങളും ടാങ്കുകളും പരിശീലനപരിപാടിയുടെ ഭാഗമായി അണിനിരത്തി. കരസേനയ്ക്കൊപ്പം ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിനെയും ഉൾപ്പെടുത്തി (ഐ.ടി.ബി.പി.) അതിർത്തിയിൽ ഇന്ത്യ സേനാവിന്യാസം ശക്തമാക്കിത്തുടങ്ങി.ഇപ്പോഴത്തെ സ്ഥിതി ഇതുപോലെ തുടരുകയാണെങ്കിൽ അന്തരീക്ഷം കൂടുതൽ വഷളാകുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. നയതന്ത്രചർച്ച തുടരുമ്പോഴും ഇരുവിഭാഗവും ഗൽവാൻ താഴ്‌വര മേഖലയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഡെപ്‌സാങ് സമതലത്തിൽ ചൈന വൻപോർമുഖം സജ്ജമാക്കിയതിന്റെ ഉപഗ്രഹ ദൃശ്യം പുറത്തുവന്നതോടെയാണ് ഇന്ത്യയും ശക്തമായ നടപടികളിലേക്കു നീങ്ങുന്നത്.കിഴക്കൻ ലഡാക്കിലെ രണ്ടുദിവസത്തെ സന്ദർശനത്തിനു ശേഷം ഡൽഹിയിലെ സേനാ ആസ്ഥാനത്തു മടങ്ങിയെത്തിയ കരസേനാ മേധാവി ജനറൽ എം.എം. നരവണെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ചയും നടത്തി. അതിർത്തിയിലെ സ്ഥിതിഗതികൾ നരവണെ വിശദീകരിച്ചു. റഷ്യയിലെ വിജയദിന സൈനിക പരേഡിൽ പങ്കെടുത്ത് രാജ്‌നാഥ് സിങ് വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്.അതിർത്തിയിൽ ഗാൽവൻ താഴ്‌വരയിലും ഹോട്സ്പ്രിങ്ങിനുംപുറമേ നിയന്ത്രണ രേഖയ്ക്കടുത്ത് കിടക്കുന്ന കൊയുൾ, ഫുക്‌ചെ, മുർഗോ, ഡെപ്‌സാങ്, ദെംചുക്ക് എന്നിവിടങ്ങളിലും ചൈനീസ് സേന നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെയെല്ലാം ഇന്ത്യ കൂടുതൽ സൈനികരെയും യുദ്ധോപകരണങ്ങളും വിന്യസിച്ചുതുടങ്ങി. അതിനിടെ, രാജ്യത്തിന്റെയും അതിർത്തിയുടെയും സമഗ്രതയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം സമർപ്പിതമാണെന്നും ഏതു വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്നും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) മേധാവി എസ്.എസ്. ദെസ്വാൾ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2VmUf2K
via IFTTT