തലയോലപ്പറമ്പ് : ഒന്നാം ഡോസ് പ്രതിരോധ കുത്തിവെയ്പ് എടുക്കാനെത്തിയപ്പോൾ, നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടുഡോസും നൽകിയെന്ന് വീട്ടമ്മ. തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ശനിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. കോവിഷീൽഡാണ് ആദ്യം അവർക്ക് ലഭിച്ചത്. കുറച്ചുകഴിഞ്ഞ് സിറിഞ്ചിൽ മരുന്ന് നിറച്ചുവന്ന നഴ്സ് ഇരിപ്പിടത്തിൽനിന്ന് എഴുന്നേക്കാൻ വൈകിയ വീട്ടമ്മയ്ക്ക് ആളുമാറി കുത്തിവെയ്പ് നൽകുകയായിരുന്നു. രണ്ടാമത്തേതാണെന്ന് വീട്ടമ്മ നഴ്സിനോട് പറഞ്ഞിരുന്നില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വാക്‌സിനെടുക്കാൻ ഈ കേന്ദ്രത്തിൽ അഞ്ഞൂറ് പേരുണ്ടായിരുന്നു. ഡ്യൂട്ടിയിൽ രണ്ടു നഴ്സുമാരും. തിരക്കുമൂലം നഴ്സ് രേഖയൊന്നും ആവശ്യപ്പെട്ടില്ല. അബദ്ധം മനസ്സിലായതോടെ വൈകീട്ട് ഏഴുമണിവരെ വീട്ടമ്മയെ നിരീക്ഷണത്തിലാക്കി. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ വിലയിരുത്തിയെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു. ഡോസ് സ്വീകരിച്ചതുകൊണ്ട് ഭാര്യയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും പരാതിയില്ലെന്നും ഭർത്താവ് പറഞ്ഞു. സംഭവം അന്വേഷിച്ച് ഡി.എം.ഒ.യ്ക്ക് റിപ്പോർട്ട് നൽകുമെന്ന് കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3fefHRC
via
IFTTT