Breaking

Sunday, August 1, 2021

സജദിന് ഉമ്മയുടെ പൊന്നുമ്മ; വീടണഞ്ഞത് 45 വര്‍ഷത്തിന് ശേഷം

ശാസ്താംകോട്ട (കൊല്ലം) : നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മകനെ ഫാത്തിമാ ബീവി കൺകുളിർക്കെ കണ്ടു. നിറകൺചിരിയോടെ ഉമ്മ സജദിന് മുത്തംനൽകിയപ്പോൾ കണ്ടുനിന്നവരും കണ്ണുകൾ തുടച്ചു. സജദ്‌ തങ്ങൾ അങ്ങനെ ഉമ്മയുടെയും സഹോദരങ്ങളുടെയും സ്നേഹത്തണലിലേക്കു മടങ്ങിയെത്തി. വികാരനിർഭരമായ കൂടിച്ചേരലിനു സാക്ഷ്യംവഹിക്കാൻ ഒരു നാടുമുഴുവൻ മൈനാഗപ്പള്ളി വേങ്ങയിലെ കുളവയലിൽ വീട്ടിലേക്കെത്തി.സജദ്‌ തങ്ങൾ 1971-ലാണ് ജോലിക്കായി ഗൾഫ് നാടുകളിലേക്കുപോയത്. അവിടെ കലാപരിപാടികളുടെ സംഘാടകനായിരുന്നു. ഇടയ്ക്ക്‌ വീട്ടിലെത്തുമായിരുന്നു. 1976 ഒക്ടോബർ 12-ന് മുംബൈയിൽ നടന്ന ഇന്ത്യൻ എയർലൈൻസ് വിമാനാപകടത്തിൽ അദ്ദേഹം മരിച്ചെന്നാണ് എല്ലാവരും കരുതിയത്. നടി റാണിചന്ദ്ര ഉൾപ്പെട്ട അപകടമായിരുന്നു അത്‌. നാട്ടിലേക്കുള്ള യാത്രയ്ക്ക് സജദ്‌ അന്ന്‌ ടിക്കറ്റെടുത്തിരുന്നു. അവസാനനിമിഷം യാത്രമാറ്റി. ഉറ്റ സുഹൃത്ത് അപകടത്തിൽ കൊല്ലപ്പെട്ടത് ആ ജീവിതം മാറ്റിമറിച്ചു. ഇതോടെ ഗൾഫിൽനിന്ന്‌ മുംബൈയിലെത്തി. അവിടെ പല ജോലികളും ചെയ്തു. വീട്ടുകാരുമായി ബന്ധമില്ലാതെയായിരുന്നു ജീവിതം.വർഷങ്ങൾ കഴിഞ്ഞതോടെ പ്രായാധിക്യത്തിന്റെ അവശതകൾ അലട്ടി. കിടപ്പിലായ അദ്ദേഹത്തെ സുഹൃത്ത് പനവേൽ സീൽ ആശ്രമത്തിലെത്തിച്ചു. ആശ്രമം അധികൃതരാണ് നാട്ടിലേക്കുള്ള വഴിയൊരുക്കിയത്. മൈനാഗപ്പള്ളിയിൽനിന്ന്‌ സഹോദരങ്ങളെത്തി സജദ് തങ്ങളെ ശനിയാഴ്ച കൂട്ടിക്കൊണ്ടുവന്നു. വിധി തിരികെത്തന്ന മകനെ കാണാൻ 92 വയസ്സുള്ള ഫാത്തിമാബീവി ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു. മകൻ എത്തിയതോടെ അവശതകളും ആകുലതയും സന്തോഷത്തിനു വഴിമാറി. കൂടെപ്പിറപ്പിനെ കാണാൻ കാത്തുനിന്ന ഏഴ്‌ സഹോദരങ്ങളും സജദിന് മതിയാവോളം മുത്തംനൽകി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് എന്നിവരുടെ നേതൃത്വത്തിൽ കേക്കുമുറിച്ച് ആഹ്ളാദം പങ്കുവെച്ചു. തന്റെ കൂടിച്ചേരലിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയെങ്കിലും സജദിന്റെ കണ്ഠമിടറി. വൈകിയും അദ്ദേഹത്തെ കാണാൻ സഹപാഠികളും ബന്ധുക്കളും എത്തിക്കൊണ്ടിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3j6F3SJ
via IFTTT