കണ്ണൂർ: ലോക്‌ഡൗണിനെത്തുടർന്ന് കേരളത്തിലെ മദ്യവില്പന കേന്ദ്രങ്ങളും ബാറുകളും അടച്ചിട്ടതിനാൽ കർണാടകത്തിൽനിന്ന് മദ്യം ഒഴുകുന്നു. ഇതിനുപുറമേ, ചാരായവാറ്റും വ്യാപകമായി. മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വൻതോതിൽ വാറ്റ് നടക്കുന്നത്. എക്സൈസുകാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വാറ്റ്. അവിടെ എത്തിയാൽതന്നെ പ്രതികളെ പിടികൂടാനും ബുദ്ധിമുട്ടാണ്. കോവിഡ് കാരണം അബ്കാരി കേസുകളിലെ നിരവധി പ്രതികളെ അറസ്റ്റുചെയ്യാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു.കാസർകോട് ജില്ലയിൽ കഴിഞ്ഞമാസം 128 കേസുകളിലായി 4087 ലിറ്റർ കർണാടകമദ്യം പിടിച്ചെടുത്തു. 20 ലക്ഷം രൂപയുടെ മദ്യമാണിത്. കണ്ണൂർജില്ലയിൽനിന്ന് ഈ മാസം മാത്രം 2100 ലിറ്റർ മദ്യമാണ് പിടിച്ചത്. കണ്ണൂരിൽ കഴിഞ്ഞമാസം 300 ലിറ്റർ ചാരായവും 26,000 ലിറ്റർ വാഷും പിടിച്ചെടുത്തു. ഈ മാസം നൂറുലിറ്ററിലധികം ചാരായവും 15,000 ലിറ്റർ വാഷുമാണ് പിടിച്ചത്.ലോക്ഡൗണിലും കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും മദ്യവിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തെ അപേക്ഷിച്ച് മദ്യത്തിന് നികുതി കുറവുമാണ്. അതിനാൽ വിലയും കുറവാണ്. കർണാടകത്തിൽ 500 രുപയിൽ താഴെ വിലയുള്ള ഒരു കുപ്പി മദ്യത്തിന് കടത്തുകാർ കേരളത്തിൽ ഈടാക്കുന്നത് 1500 രൂപയാണ്. ആയിരംരൂപയോളം വിലയുള്ള മദ്യത്തിന് 3000 രൂപയും.കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത് ‘ബെവ്ക്യു’ ആപ് വഴി കേരളത്തിൽ മദ്യം വിറ്റിരുന്നു. അതിനാൽ, മദ്യക്കള്ളക്കടത്തുമുണ്ടായില്ല. എന്നാൽ, ഇത്തവണ അത്തരത്തിലുള്ള മദ്യവില്പനയില്ലാത്തതിനാൽ കള്ളക്കടത്ത് വർധിച്ചു. മദ്യം കടത്തി കൊള്ളലാഭമുണ്ടാക്കുന്ന അധോലോകം രൂപപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ പൊതുമേഖലാ മദ്യവ്യാപാര സ്ഥാപനങ്ങൾക്ക് വൻ വരുമാനനഷ്ടവും സംഭവിച്ചു. മദ്യ ഉപഭോക്താക്കൾ കൊള്ളയടിക്കപ്പെടുകയുമാണ്.ഭക്ഷണം പാചകംചെയ്യുന്ന പ്രഷർകുക്കർ ഉപയോഗിച്ചുപോലും ചാരായം വാറ്റുന്നത് സാധാരണയായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ചെറുപ്പക്കാർ കൗതുകത്തിന് വീട്ടിൽനിന്ന് ചാരായം വാറ്റുകയും ഒന്നുമറിയാതെ, മാന്യമായി ജീവിക്കുന്ന വീട്ടമ്മമാർവരെ പ്രതിയാകളാകുന്ന സംഭവങ്ങളുമുണ്ടായി. അനധികൃത മദ്യക്കടത്തും ചാരായം വാറ്റലും 10 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കേസാണ്. തീവണ്ടികളിലും പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങളിലുമാണ് മദ്യക്കടത്ത് ഏറെയും. വാഹനങ്ങളിൽ ഇതിനായി പ്രത്യേകം അറകൾ ഉണ്ടാക്കുന്നുണ്ട്. മഴക്കാലമായതിനാൽ ഭദ്രമായി ലോഡുചെയ്ത പച്ചക്കറി വാഹനങ്ങൾ അതിർത്തി ചെക് പോസ്റ്റുകളിൽ അഴിച്ച് പരിശോധിക്കുന്നത് ദുഷ്കരമാണെന്ന് ജീവനക്കാർ പറയുന്നു. അതിനാൽ മദ്യം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ഉറപ്പുള്ളതോ രഹസ്യവിവരം ലഭിച്ചതോ ആയ വാഹനങ്ങൾ മാത്രമേ പരിശോധിക്കുന്നുള്ളൂ. ഇതും കടത്തുകാർക്ക് ഗുണമായി.
from mathrubhumi.latestnews.rssfeed https://ift.tt/35mjBT6
via
IFTTT