Breaking

Tuesday, June 1, 2021

ന്യൂനപക്ഷ സ്കോളർഷിപ്പ്: സ്കീം പരിഷ്കരിച്ച് പരിഹാരം കണ്ടെത്താൻ സർക്കാർ

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന്റെ ക്രൈസ്തവ-മുസ്‌ലിം അനുപാതം ജനസംഖ്യാനുപാതികമല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയതോടെ പരിഹാരത്തിന് സർക്കാർ സമവായ സാധ്യത തേടുന്നു. വിധി സ്വാഗതംചെയ്ത് ക്രൈസ്തവ സംഘടനകളും വിധിക്കെതിരേ അപ്പീൽ നൽകുകയും നിയമപരമായി പരിഹാരം കണ്ടത്തുകയും വേണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകളും രംഗത്തെത്തിയതോടെയാണിത്. ക്രൈസ്തവ-മുസ്‌ലിം വിദ്യാർഥികൾക്ക് പ്രത്യേകമായി സ്‌കോളർഷിപ്പ് പദ്ധതി ആവിഷ്കരിക്കാമെന്ന നിർദേശമാണ് സർക്കാരിനു മുമ്പിലുള്ളത്. വിധിക്കെതിരേ അപ്പീൽ പോകുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന അഭിപ്രായം നിയമവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ട്. അത് ക്രൈസ്തവ വിഭാഗത്തിന്റെ എതിർപ്പിനിടയാക്കും. ഉത്തരവ് കോടതി റദ്ദാക്കിയതിനാൽ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതുവരെ ആനുകൂല്യം വിതരണം ചെയ്യാനാകില്ല.മുസ്‌ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമ്മിറ്റിയുടെ ശുപാർശയിൽ 2008-ലാണ് ഈ സ്‌കോളർഷിപ്പ് പദ്ധതി കൊണ്ടുവന്നത്. 2011 ഫെബ്രുവരിയിലാണ് ഇതിൽ 20 ശതമാനം ക്രൈസ്തവ വിഭാഗത്തിനുകൂടി നീക്കിവെച്ചത്. ഇതാണ് ഇപ്പോൾ കുഴപ്പത്തിലായത്.ക്രൈസ്തവ വിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് നടക്കുകയാണ്. സമിതിയിൽനിന്ന് ഇടക്കാല റിപ്പോർട്ടോ പ്രാഥമിക ശുപാർശയോ വാങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനനുസരിച്ച് സ്കോളർഷിപ്പ് പദ്ധതി രൂപവത്കരിക്കാമെന്നാണ് ധാരണ.മാനദണ്ഡം മാറ്റണമെന്ന് നിയമസഭാ സമിതി നിലവിലെ സ്കോളർഷിപ്പ് സ്കീമുകൾ ആകെ പരിഷ്കരിക്കണമെന്ന നിർദേശവും സർക്കാരിനു മുമ്പിലുണ്ട്. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളുടെ മാനദണ്ഡത്തിൽ മാറ്റംവരുത്തണമെന്ന് നിയമസഭാ സമിതി നേരത്തേ ശുപാർശ ചെയ്തിരുന്നു. ചില മാനദണ്ഡങ്ങൾ അർഹതപ്പെട്ടവർക്ക് ആനുകൂല്യം നിഷേധിക്കുന്നതിനു കാരണമാകുന്നുണ്ടെന്നായിരുന്നു 2019 നവംബറിൽ ചിറ്റയം ഗോപകുമാർ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ. ന്യൂനപക്ഷ ക്ഷേമവകുപ്പിൽനിന്നുള്ള സ്കോളർഷിപ്പിന് അർഹതയില്ലാത്ത വിദ്യാർഥികളെ പിന്നാക്കവിഭാഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് സ്‌കീമിൽ പരിഗണിക്കണമെന്നായിരുന്നു ശുപാർശ. പിന്നാക്ക വിഭാഗങ്ങൾപ്പെട്ട വിദ്യാർഥികൾക്ക് വിവിധതരം സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഒരേസമയം ഒന്നിലധികം സ്കോളർഷിപ്പിന് അപേക്ഷിക്കാനാവില്ലെന്നാണ് നിയമം. ഏതെങ്കിലും ഒരു സ്കോളർഷിപ്പ് തിരഞ്ഞെടുക്കാനും തടസ്സമുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് പിന്നാക്ക സ്കോളർഷിപ്പിന് അപേക്ഷിക്കാനും അർഹതയില്ല. ഈ തടസ്സം മാറ്റുന്ന രീതിയിൽ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് പരിശോധിക്കണമെന്നായിരുന്നു സമിതിയുടെ നിർദേശം. ഹൈക്കോടതി വിധികൂടിയുണ്ടായ പശ്ചാത്തലത്തിൽ ഇത്തരം സ്കോളർഷിപ്പ് സ്കീമുകളുടെ സമഗ്രപരിഷ്കരണവും പരിശോധനയും സർക്കാർ ആലോചിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3wNdFyo
via IFTTT