തൃശ്ശൂർ: കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്സ്പ്രസ് വൻ വരുമാന നഷ്ടത്തെത്തുടർന്ന് ചൊവ്വാഴ്ച ഓട്ടംനിർത്തും. പിന്നാലെ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്പ്രസിന്റെ ഓട്ടവും നിലയ്ക്കും. 15 ദിവസത്തിനുശേഷം പുനരാലോചിക്കും.ലോക്‌ഡൗണിന്റെ തുടക്കത്തിൽ ഭൂരിഭാഗം തീവണ്ടികളും നിർത്തിയപ്പോഴും ഈ വണ്ടികൾ ഓടിച്ചിരുന്നു. എന്നാൽ, സംസ്ഥാനമൊട്ടാകെ നിശ്ചലമായപ്പോൾ യാത്രക്കാരുടെ എണ്ണം മൂന്നുശതമാനത്തിലേക്കായി. 1080 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ വണ്ടിയിൽ കഴിഞ്ഞയാഴ്ച മിക്ക ദിവസങ്ങളിലും 30-നും 50-നും ഇടയ്ക്ക് യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. ജനശതാബ്ദി ഒരുദിവസം സർവീസ് നടത്താൻ ശരാശരി നാലുലക്ഷം രൂപയാണ് ചെലവ്. കഴിഞ്ഞയാഴ്ച മുഴുവൻ 30,000-ൽ താഴെയായിരുന്നു ദിവസവരുമാനം. നഷ്ടം പെരുപ്പിക്കേണ്ട എന്ന വിലയിരുത്തലിലാണ് ഓട്ടംനിർത്താൻ തീരുമാനിച്ചത്.കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി ലോക്ഡൗണിന്റെ തുടക്കത്തിൽത്തന്നെ നിർത്തിയിരുന്നു. എറണാകുളം-കണ്ണൂർ ഇൻറർസിറ്റി ലോക്ഡൗൺ തുടങ്ങിയപ്പോൾ നിർത്തിയതാണ്. എന്നാൽ, വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നതോടെ രണ്ടാഴ്ചമുമ്പ് വീണ്ടും ഓടിക്കുകയായിരുന്നു. നഷ്ടക്കണക്ക് കൂടിയതോടെയാണ് ഓട്ടം അവസാനിപ്പിക്കുന്നത്.ഒരു സെക്ടറിൽ ഒരു വണ്ടി മാത്രംലോക്ഡൗൺ കാലത്ത് ഒരു സെക്ടറിൽ ഒരു വണ്ടി എന്നതാണ് റെയിൽവേയുടെ നയം. മംഗളൂരു റൂട്ടിൽ പകൽ പരശുറാം, രാത്രി മാവേലി. ന്യൂഡൽഹിക്ക് കേരളയും മംഗളയും മുംബൈയ്ക്ക് നേത്രാവതി, ചെന്നൈയ്ക്ക് മെയിൽ, െബംഗളൂരുവിലേക്ക് ഐലൻഡ്, ഹൈദരാബാദിന് ശബരി എന്നിങ്ങനെയാണ് സെക്ടർ തിരിച്ചുള്ള തീവണ്ടി.എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഗുജറാത്തിലേക്കുമുള്ള പ്രതിവാര വണ്ടികൾ മുമ്പത്തെപ്പോലെ ഓടിക്കുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വണ്ടികൾ അതിഥിത്തൊഴിലാളികളുമായി നിറഞ്ഞാണ് ഓടുന്നത്.യാത്രാവണ്ടികൾ കുറച്ചെങ്കിലും ചരക്കുവണ്ടികൾ ലോക്ഡൗൺ കാലത്ത് റെയിൽവേ ഓടിക്കുന്നുണ്ട്. പ്രതിദിനം 15-നും 20-നും ഇടയ്ക്ക് ചരക്കുവണ്ടികളാണ് കേരളത്തിലേക്ക് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3i1xEFk
via
IFTTT