Breaking

Monday, April 19, 2021

അപരാധങ്ങള്‍ ഏറ്റുപറഞ്ഞാല്‍ സ്വീകരിക്കും; ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് വീക്ഷണം

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതംചെയ്ത് പാർട്ടി മുഖപത്രം വീക്ഷണത്തിൻറെ മുഖപ്രസംഗം. അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തിയാൽ അർഹിക്കുന്ന പ്രാധാന്യം നൽകി സ്വീകരിക്കുമെന്ന് മുഖപ്രസംഗത്തിൽപറയുന്നു. മോഹമുക്തനായ കോൺഗ്രസുകാരൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോൺഗ്രസിനകത്തെ വിമതനായി വേഷം കെട്ടിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചു എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം രണ്ട് വട്ടം ചെറിയാനെ ചതിച്ചു. സിപിഎമ്മിൽ ചെറിയാന്റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണ്. സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാൻ ഫിലിപ്പിന് കോൺഗ്രസിന്റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. എ.കെ.ആന്റണിക്കും ഉമ്മൻചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങൾ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നു. വിമതരെ സ്വീകരിക്കുന്നതിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് ഉണ്ടായിരുന്നുവെന്ന് ആരോപിക്കുന്ന മുഖപ്രസംഗം, ചെറിയാൻ ഫിലിപ്പിനോട് ചിറ്റമ്മനയമാണ് കാണിച്ചതെന്നും കുറ്റപ്പെടുത്തുന്നുണ്ട്. കോൺഗ്രസിനെ ചതിച്ച ചെറിയാൻ ഫിലിപ്പിനെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടിവരുന്നവരുടെ ചോര പരാമവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെ പോലെയാണ് സിപിഎം എന്നും മുഖപ്രസംഗം ആരോപിക്കുന്നു. രാജ്യസഭാ സ്ഥാനാർഥികളായി ജോൺ ബ്രിട്ടാസിനെയും ഡോ. വി. ശിവദാസനെയും സിപിഎം പ്രഖ്യാപിച്ചതിന് പിറകേ സജീവ രാഷ്ട്രീയം വിട്ട് താൻ പുസ്തകരചനയിലേക്ക് കടക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം.


from mathrubhumi.latestnews.rssfeed https://ift.tt/3et3dVh
via IFTTT