Breaking

Saturday, April 3, 2021

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആംബാന്‍ഡിന് 55 ലക്ഷം

ബൽഗ്രേഡ്: പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിൽ പോയത് 55 ലക്ഷം രൂപയ്ക്ക്. സെർബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആംബാൻഡ് ലേലത്തിനുവെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ ദർദെവിക്ക് എന്ന കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം ശേഖരിക്കാനാണിത്. സെർബിയയിലെ മൊസാർട്ട് എന്ന ബെറ്റിങ് കമ്പനിയാണ് റൊണാൾഡോയുടെ ആം ബാൻഡ് 7.5 ദശലക്ഷം ദിനാറിന് (ഏകദേശം 55 ലക്ഷം രൂപ) ലേലത്തിൽ പിടിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സെർബിയയ്ക്കെതിരേ ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോയുടെ ഷോട്ട് പ്രതിരോധനിരതാരം രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗോൾവര കടന്നിരുന്നു. എന്നാൽ, റഫറി ഗോൾ അനുവദിച്ചില്ല. മത്സരം 2-2ന് സമനിലയിൽ നിൽക്കെയായിരുന്നു സംഭവം. ഇതോടെ ക്ഷുഭിതനായ പോർച്ചുഗൽ താരം നായകന്റെ ആംബാൻഡ് ഗ്രൗണ്ടിൽ വലിച്ചെറിഞ്ഞ് കളിതീരുംമുമ്പേ കളംവിട്ടിരുന്നു. താരം വലിച്ചെറിഞ്ഞ ഈ ആം ബാൻഡ് സ്റ്റേഡിയത്തിലുണ്ടായിരുന്ന ഒരു ഫയർഫോഴ്സ് ജീവനക്കാരനാണ് സെർബിയയിലെ ജീവകാരുണ്യ കൂട്ടായ്മയ്ക്ക് കൈമാറിയത്. Content Highlights: Cristiano Ronaldo s armband sold for over 75,000 USD


from mathrubhumi.latestnews.rssfeed https://ift.tt/3fCp6Dz
via IFTTT