Breaking

Tuesday, April 20, 2021

2025-നുശേഷം ചൈനയിലെ ജനസംഖ്യ കുത്തനെ കുറയുമെന്ന് റിപ്പോർട്ട്

ബെയ്ജിങ്: മൂന്നുപതിറ്റാണ്ടു നീണ്ട ഒറ്റക്കുട്ടിനയത്തിൽ അഞ്ചുകൊല്ലംമുമ്പ് ഇളവുവരുത്തിയെങ്കിലും ചൈനയിലെ ജനസംഖ്യ 2025-നുശേഷം കുത്തനെ കുറയുമെന്ന് മുന്നറിയിപ്പ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ധനനയസമിതി അംഗം കെയ് ഫാങ് ആണ് മുന്നറിയിപ്പുമായെത്തിയത്. രാജ്യത്തെ ജനസംഖ്യ അടുത്ത നാലുകൊല്ലം ഏറ്റവും ഉയർന്നതോതിൽ രേഖപ്പെടുത്തും. അതുകഴിഞ്ഞ് കുത്തനെ കുറയും. ഇതോടെ ഉപഭോക്തൃ ആവശ്യവും ഗണ്യമായി കുറയും. ജനസംഖ്യയിൽ കുറവുവന്നാൽ സംഭവിക്കാൻപോകുന്നത് നികത്താനാവാത്ത സാമ്പത്തികനഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചൈനയുടെ ഏറ്റവും ഒടുവിലത്തെ സെൻസസ് റിപ്പോർട്ട് ഈമാസം അവസാനം പുറത്തുവരാനിരിക്കുകയാണ്. ജനസംഖ്യാനിയന്ത്രണങ്ങൾ പിൻവലിച്ചില്ലെങ്കിൽ 2050-ഓടെ രാജ്യത്ത് തൊഴിൽചെയ്യാൻ യുവാക്കളില്ലാതെ വരുമെന്നും വയോധികരുടെ എണ്ണം കൂടുമെന്നുമുള്ള പഠനങ്ങൾ നേരത്തേതന്നെ പുറത്തുവന്നിട്ടുണ്ട്. ഏറെക്കാലം നീണ്ടുനിന്ന ഒറ്റക്കുട്ടിനയത്തിൽ ചൈന 2016 മുതലാണ് ഇളവുവരുത്തിയത്. രണ്ടുകുട്ടികൾ വരെയാവാമെന്നാണ് ഇപ്പോഴത്തെ നയമെങ്കിലും ജനിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും കുറയുകയാണ്. 2018-നെ അപേക്ഷിച്ച് 2019-ൽ ജനിച്ച കുട്ടികളുടെ എണ്ണത്തിൽ 5.8 ലക്ഷത്തിന്റെ കുറവുണ്ടായി. പലരും ഒറ്റക്കുട്ടി മതിയെന്ന തീരുമാനമെടുക്കുന്നതാണ് കാരണം. അതിനാൽ രണ്ടിലേറെ കുട്ടികൾ വേണമെന്നാഗ്രഹിക്കുന്നവരെ അതിനനുവദിക്കണമെന്നാണ് ഉയരുന്ന ആവശ്യം.


from mathrubhumi.latestnews.rssfeed https://ift.tt/3dxipB8
via IFTTT