Breaking

Thursday, June 18, 2020

തെരുവുനായ കടിച്ച മുറിവില്‍ പുഴുവരിച്ച് അനാഥയായി ഒരമ്മ

കുന്നിക്കോട് : മകൻ ഉണ്ടായിട്ടും കുറെ പൂച്ചകളായിരുന്നു ഇന്നലെവരെ ഈശ്വരിയമ്മ(70)യുടെ കൂട്ട്. തെരുവുനായ കടിച്ചെടുത്ത മുറിവിൽ പുഴുവരിച്ച വേദനയേക്കാൾ വലുതായിരുന്നു വാർധക്യത്തിലെ ആ ഒറ്റപ്പെടൽ. അവശയായി കിടപ്പിലായതോടെ നാട്ടുകാരുടെ പരാതിയിൽ കളക്ടർ ഇടപെട്ട് ബുധനാഴ്ച ഇവരെ ആശുപത്രിയിലാക്കി. തലവൂർ ഞാറയ്ക്കാട് ചാമല പീലിക്കോട് കോളനിയിലെ ശ്രീവിലാസം വീട്ടിൽ തനിച്ചായിരുന്നു ഈശ്വരിയമ്മ. ഒരുമാസംമുൻപ് തെരുവുനായയുടെ കടിയേറ്റതോടെ പരസഹായം വേണമെന്നായി. മകനും ബന്ധുക്കളുമൊക്കെ ഉണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. അയൽവാസികളും നാട്ടുകാരും ചേർന്നാണ് ഇതുവരെ ചികിത്സിച്ചത്. നായകടിച്ച മുറിവ് ഉണങ്ങാതെ പുഴുവരിച്ചതോടെ മൺതറയിൽ പായവിരിച്ചും പഴന്തുണികൾ കൂട്ടിയിട്ടും ഒരേകിടപ്പായി. കൂട്ടിന് കുറെ പൂച്ചകളും. നാട്ടുകാർ നൽകുന്ന ഭക്ഷണമാണ് ജീവൻ നിലനിർത്തിയത്. സ്ഥിതി വഷളാകുമെന്ന് ബോധ്യമായതോടെ നാട്ടുകാർ ആരോഗ്യപ്രവർത്തകരെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചെങ്കിലും ആരും വകവെച്ചില്ല. ഉടനെ കളക്ടറെ ഫോണിൽ പരാതി അറിയിച്ചു. പിന്നാലെ തലവൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ ആംബുലൻസുമായി സ്ഥലത്തെത്തി. ഈശ്വരിയമ്മയുടെ ഒപ്പംപോകാൻ നാട്ടുകാർ തയ്യാറായെങ്കിലും ആരോഗ്യപ്രവർത്തകർ വിട്ടുനിന്നതോടെ നാട്ടുകാരും പ്രതിഷേധം അറിയിച്ച് പിൻവാങ്ങി. തർക്കത്തെ തുടർന്ന് ഒരു മണിക്കൂറോളം ഈശ്വരിയമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വഴിയിൽ ഇരുത്തേണ്ടിവന്നു. ഒടുവിൽ തലവൂർ പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ ഇടപെട്ടാണ് ആശാ പ്രവർത്തകയെ ഒപ്പം അയച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാകേഷും പോലീസും സ്ഥലത്തെത്തിയിരുന്നു. ഈശ്വരിയമ്മ ഇപ്പോൾ പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ്. ചികിത്സ പൂർത്തിയായാൽ അധികൃതർ ഇടപെട്ട് സംരക്ഷണം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 40 വർഷത്തോളം കശുവണ്ടിത്തൊഴിലാളിയായിരുന്നു ഈശ്വരിയമ്മ. അധികൃതരുടെ ഇടപെടലുണ്ടായാലേ ഇനി ഇവരുടെ തുടർ സംരക്ഷണം സാധ്യമാകൂവെന്ന് നാട്ടുകാർ പറയുന്നു. Content Highlight: street dog bite orphaned mother


from mathrubhumi.latestnews.rssfeed https://ift.tt/3fv0NUE
via IFTTT