Breaking

Tuesday, January 1, 2019

പുതിയ തൊഴിലവസരങ്ങളുമായി യു ട്യൂബ് വ്‌ളോഗിംങ്‌

അറിവിന്റെയും അനുഭൂതിയുടെയും അവസരങ്ങളുടെയും പുത്തന്‍ കാഴ്ചകളൊരുക്കുന്നതാണ് യു ട്യൂബ് വ്‌ളോഗിങ്.പുത്തന്‍ സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ നമുടെ മുന്നിലുള്ള അവസരങ്ങള്‍ ഏറെയാണ്. അതിലൊന്നാണ് യു ട്യൂബ് വ്‌ളോഗിംങ്. നിങ്ങള്‍ക്കിഷ്ടമുള്ള തൊഴില്‍ ചെയ്യുകയും അതിലൂടെ നല്ലൊരു തുക സമ്പാദിക്കുകയും ചെയ്യുക എന്നത് എല്ലാവരെയും സംബന്ധിച്ച് വലിയൊരു സ്വപ്‌നമാണ്. ഈ സ്വപ്‌നമാണ് യു ട്യൂബ് വ്‌ളോഗിങ്ങിലൂടെ സഫലമാകുന്നത്. ജീവിതത്തില്‍ ഇന്ന് നമുക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്തൊരു അവിഭാജ്യ ഘടകമാണ് മൊബൈല്‍ ഫോണ്‍. അത് നമ്മുടെയൊക്കെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിത്തീര്‍ന്നു. ടിവിയെക്കാളും ലാപ്‌ടോപ്പിനെക്കാളുമൊക്കെ എന്തിനും ഏതിനും നമ്മള്‍ ഇന്ന് ആശ്രയിക്കുന്നത് മൊബൈല്‍ ഫോണാണ്. മൊബൈല്‍ ഫോണിലൂടെ എല്ലാവരിലേക്കും എല്ലാ കാര്യങ്ങളും വളരെ പെട്ടെന്നു തന്നെ എത്തിക്കാന്‍ പറ്റും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത. അതു തന്നെയാണ് യു ട്യൂബ് വ്ളോഗിങിന്റെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും.

യു ട്യൂബ് എല്ലാവര്‍ക്കും പരിചിതമാണ്. ദിവസത്തില്‍ ഒരിക്കലെങ്കിലും യു ട്യൂബ് എടുത്തു നോക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും.യു ട്യൂബ് വ്‌ളോഗിങില്‍ പല വിഭാഗങ്ങളും ഉണ്ട്. യാത്ര, ഭക്ഷണം, ടെക്‌നോളജി എന്നു തുടങ്ങിയവ അതില്‍ ചിലതു മാത്രമാണ്. വ്‌ളോഗിങിന്റെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത് ഇന്ന രീതിയില്‍ ചെയ്യണം എന്ന ഒരു നിയമമില്ല എന്നതാണ്. ക്യാമറയില്‍ വീഡിയോകള്‍ എടുക്കാം അല്ലെങ്കില്‍ മൊബൈല്‍ ഫോണിലും എടുക്കാം. നിങ്ങളുടെ അനുഭവങ്ങളായിരിക്കും നിങ്ങള്‍ പങ്കു വെയ്ക്കുന്നത്. ഒരു കാര്യത്തെ നിങ്ങള്‍ക്ക് എങ്ങനെയാണോ അനുഭവപ്പെടുന്നത് അത് അതേ പോലെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണം.

എഡിറ്റിംഗിന്റെ ചെറിയ ആവശ്യങ്ങള്‍ മാത്രമേ പല വീഡിയോകള്‍ക്കും ആവശ്യമുള്ളു. മൊബൈലില്‍ തന്നെ എഡിറ്റ് ചെയ്ത് വീഡിയോ അപ്ലോഡ് ചെയ്യുന്നവരും ഉണ്ട്.ഒരു പുതിയ സാധനം എങ്ങനെ ഉപയോഗിക്കണം എന്നു തുടങ്ങി ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം എന്നു വരെ നമ്മളിപ്പോള്‍ യു ട്യൂബ് കണ്ടിട്ടാണ് തീരുമാനിക്കുന്നത്

.ഒറ്റയ്ക്ക് വ്‌ളോഗിംങ് നടത്താം അതല്ലെങ്കില്‍ ഒന്നിലധികം ആളുകള്‍ കൂടി നടത്താം. നിങ്ങള്‍ക്ക് എങ്ങനെയാണോ സൗകര്യം അങ്ങനെ ചെയ്യാം. നിങ്ങളിപ്പോള്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍ നിങ്ങളുടെ ആ യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിങ്ങള്‍ കാണുന്ന കാഴ്ചകളും കഴിക്കുന്ന ഭക്ഷണവും നിങ്ങളുടെ അനുഭവങ്ങളും നിങ്ങള്‍ ഒരു കാന്‍വാസില്‍ പകര്‍ത്തുന്നു. അത് ക്യാമറയാകാം അല്ലെങ്കില്‍ മൊബൈല്‍ ഫോണുമാകാം. വീഡിയോകളില്‍ സംസാരിച്ചു കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ അനുഭവങ്ങള്‍ വര്‍ണ്ണിക്കാം ഇനി അതുമല്ലെങ്കില്‍ പശ്ചാത്തല സംഗീതം മാത്രം നല്‍കാം. അങ്ങനെ ചെറിയ എഡിറ്റിങ്ങുകളോടു കൂടി വീഡിയോ തയ്യാറാക്കാം.

നിങ്ങള്‍ക്ക് യു ട്യൂബില്‍ ഒരു ചാനല്‍ ഉണ്ടാക്കണം. അതിനു ശേഷം തയ്യാറാക്കിയ വീഡിയോ അപ്ലോഡ് ചെയ്യണം.ദിവസേന ഒരു ബില്ല്യണ്‍ മണിക്കൂറുകളാണ് പ്രേക്ഷകര്‍ യു ട്യൂബ് കാണുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.91 രാജ്യങ്ങളിലായി 81 ഭാഷകളില്‍ ഇന്നു യു ട്യൂബ് വ്‌ളോഗിംങ് നടത്തുന്നവരുണ്ട്. നിങ്ങളുടെ വീഡിയോ എത്ര പേരു കാണുന്നുണ്ടോ അതിനനുസരിച്ച് നിങ്ങളുടെ പ്രസിദ്ധി വര്‍ദ്ധിക്കുന്നു എന്നു മാത്രമല്ല നിങ്ങള്‍ക്കു വരുമാനവും ഉണ്ടാകുന്നു. വീഡിയോ കാണുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പരസ്യങ്ങളും നിങ്ങളെത്തേടിയെത്തും. ആ പരസ്യങ്ങളിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാകുന്നു.

പിന്നീട് ചിലപ്പോള്‍ നിങ്ങളുടെ വീഡിയോകള്‍ പല പ്രമുഖ ബ്രാന്റുകളും സ്‌പോണ്‍സര്‍ ചെയ്‌തേക്കാം. നിങ്ങളുടെ വീഡിയോകളില്‍ അവരുടെ ബ്രാന്റിന്റെ പേരു പരാമര്‍ശിക്കുക എന്നത് മാത്രമായിരിക്കും അവരുടെ ആവശ്യം. ചിലപ്പോള്‍ അതു ചില പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ആയിരിക്കാം അല്ലെങ്കില്‍ പ്രമുഖ മൊബൈല്‍ കമ്പനികളായിരിക്കാം. നിങ്ങള്‍ നടത്തുന്ന യാത്ര കഴിക്കുന്ന ഭക്ഷണം എല്ലാം ഇവര്‍ സ്‌പോണ്‍സര്‍ ചെയ്‌തെന്നു വരും.

യു ട്യൂബ് വ്‌ളോഗിങ്ങിലൂടെ വളരെ പെട്ടെന്നു തന്നെ പ്രസിദ്ധരും പണക്കാരും ആയവര്‍ നമ്മുടെ ഇടയില്‍ തന്നെ ഒരുപാടുണ്ട്. ഇന്ത്യന്‍ വംശജയായ ലില്ലി സിംഗ് ഇതിനൊരു ഉത്തമ ഉദാഹരണമാണ്. ഇന്ത്യക്കാരായ തന്റെ മാതാപിതാക്കള്‍ ഒരു കാര്യത്തിനോട് എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു ആദ്യം അവര്‍ വ്‌ളോഗിംങ് ചെയ്തത്. അച്ഛനും അമ്മയും ആയി അവര്‍ തന്നെയാണ് വേഷമിട്ടിരുന്നത്. പ്രേക്ഷകര്‍ വളരെ പെട്ടെന്നു തന്നെ അത് സ്വീകരിച്ചു. 2018 ല്‍ ഐക്യരാഷ്ട്ര സഭയില്‍ യുവ തലമുറയ്ക്കു വേണ്ടി സംസാരിച്ചത് അവരായിരുന്നു. ഇനിയും ഉണ്ട് പ്രസിദ്ധരായ ഒട്ടേറെ യു ട്യൂബ് പേര്‍സണാലിറ്റികള്‍. ഇന്റര്‍നെറ്റ് സെലിബ്രിറ്റികള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

വ്യത്യസ്തമായ ഒരു തൊഴിലിനു വേണ്ടി കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഒട്ടും മടിക്കണ്ട. യു ട്യൂബ് വ്‌ളോഗിംങ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.
 



from Anweshanam | The Latest News From India http://bit.ly/2GRVm5R
via IFTTT