കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ സാഗര സ്പർശത്തിനു തയ്യാറെടുക്കുമ്പോൾ രാജ്യത്തിന്റെ വലിയൊരു സ്വപ്നമാണ് പൂവണിയുന്നത്. കപ്പലിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച കൊച്ചി കപ്പൽശാലയിലെത്തും. റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്. 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിമാനവാഹിനി കപ്പൽ കടലിലേക്കിറങ്ങുന്നത്. 2009-ൽ നിർമാണ ജോലികൾ തുടങ്ങിയ കപ്പൽ 2013-ലാണ് ഔദ്യോഗിക ലോഞ്ചിങ് നടത്തിയത്. 2020 നവംബറിൽ ബേസിൻ ട്രയൽ നടത്തിയ ശേഷമാണ് ഇപ്പോൾ കടൽ പരീക്ഷണത്തിനു കടക്കുന്നത്. പ്രതിരോധമന്ത്രിക്കൊപ്പം നാവികസേന മേധാവി അഡ്മിറൽ കരംബീർ സിങ്ങും ദക്ഷിണമേഖലാ മേധാവി വൈസ് അഡ്മിറൽ എ.കെ. ചാവ്ലയും പരിശോധനകളിൽ പങ്കെടുക്കും. 30 വിമാനങ്ങൾ ഒറ്റയടിക്ക് വഹിക്കാം രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പൽ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാർട്ട്മെന്റുകളുള്ള കപ്പലിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ നീട്ടിയിട്ടാൽ അതിനു 2100 കിലോ മീറ്റർ നീളമുണ്ടാകും. 262 മീറ്റർ നീളമുള്ള കപ്പലിന് മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനാകും. 30 വിമാനങ്ങൾ വഹിക്കാൻ ശേഷിയുണ്ട്. 1500-ലേറെ നാവികരെയും ഉൾക്കൊള്ളാനാകും. Content Highlight: Country's first indigenous aircraft carrier
from mathrubhumi.latestnews.rssfeed https://ift.tt/3vWG83P
via
IFTTT