ആറ്റിങ്ങൽ: പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പനവൂർ അജിത്ത് ഭവനിൽ ലക്ഷ്മിയെ (26) പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം ഇടവിളാകം നിജേഷ് ഭവനിൽ നിധീഷിനാണ് (26) കുത്തേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കോരാണി ജങ്ഷന് സമീപമാണ് ആക്രമണം നടന്നത്. കേസിൽ പങ്കുണ്ടെന്ന് കരുതുന്ന ലക്ഷ്മിയുടെ ഭർത്താവ് അജീഷ് പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. സംഭവസ്ഥലത്തുനിന്നും രണ്ടരവയസ്സുള്ള കുഞ്ഞുമായി അജീഷ് ബൈക്കിൽ രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് പരിശോധന നടത്തി. അന്വേഷണത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളും ക്രിമിനൽേക്കസുകളിൽ പ്രതിയുമാണ് അജീഷെന്ന് വ്യക്തമായിട്ടുണ്ട്. അജീഷിന്റെ കുഞ്ഞിനെ ഇയാളുടെ സഹോദരന്റെ വീട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ അവിടെ ഏല്പിച്ചശേഷം ബൈക്കിൽ എങ്ങോട്ടോ പോയതായി ഈ വീട്ടിലുള്ളവർ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഇയാൾ കസ്റ്റഡിയിലായതായാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വാളിക്കോട് പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രത്തിലെ ജീവനക്കാരനാണ് നിധീഷ്. ഇയാളുമായി ലക്ഷ്മി സൗഹൃദത്തിലായി. ഇക്കാര്യം അജീഷ് അറിഞ്ഞതോടെ കുടുംബകലഹമായി. മേയ് 19-ന് ഭർത്താവിനെതിരേ വെഞ്ഞാറമൂട് സ്റ്റേഷനിൽ ലക്ഷ്മി പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇരുവരെയും വിളിച്ച് വരുത്തി പ്രശ്നം പരിഹരിച്ച് വിട്ടയച്ചു. വീണ്ടും വഴക്കുണ്ടായതിനെത്തുടർന്ന് രണ്ട് ദിവസം മുമ്പ് ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെ അജീഷിനും കുഞ്ഞിനുമൊപ്പം കോരാണിയിലെത്തിയ ലക്ഷ്മി നിധീഷിനെ വിളിച്ചുവരുത്തുകയും ദേശീയപാതയോരത്തെ കടയുടെ ചായ്പിൽ വച്ച് കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു. കുടുംബപ്രശ്നങ്ങൾക്ക് കാരണക്കാരനായ നിധീഷിനെ ഒഴിവാക്കാൻ വേണ്ടിയാണ് കുത്തിയതെന്നാണ് ലക്ഷ്മി പോലീസിന് മൊഴി നല്കിയിട്ടുള്ളത്. ഡിവൈ.എസ്.പി. സി.എസ്.ഹരിയുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ടി.രാജേഷ്കുമാർ, എസ്.ഐ. ജിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. Content Highlight:Woman arrested for stabbing man on road
from mathrubhumi.latestnews.rssfeed https://ift.tt/2SKjcXA
via
IFTTT