ന്യൂഡൽഹി: ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് തലസ്ഥാനനഗരത്തിലെ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ഗംഗാറാമിലും ജെയ്പുർ ഗോൾഡൻ ആശുപത്രിയിലും ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചതിനുപിന്നാലെ തെക്കൻ ഡൽഹിയിലെ ബത്ര ആശുപത്രി കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. ഇവിടെ 265 രോഗികൾ ചികിത്സയിലുണ്ട്. പുതുതായി എത്തിയ രോഗികളോട് ഓക്സിജൻ സഹായമുള്ള മറ്റ് ആശുപത്രികളെ സമീപിക്കാൻ നിർദേശിച്ച് മടക്കി അയച്ചു.മൂൽചന്ദ് ആശുപത്രി അടിയന്തരമായി ഓക്സിജൻ വേണമെന്ന് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും അഭ്യർഥിച്ചു. 135 കോവിഡ് രോഗികളാണ് ഇവിടെയുള്ളത്. രോഹിണിയിലെ കോവിഡ് ആശുപത്രിയായ സരോജ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും പുതിയ കോവിഡ് രോഗികളെ പ്രവേശിപ്പിക്കേണ്ടെന്നു തീരുമാനിച്ചു. ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ഇപ്പോഴുള്ള രോഗികളെ ഡിസ്ചാർജു ചെയ്തുതുടങ്ങി. അടിയന്തരമായി ഓക്സിജൻ ആവശ്യമുള്ള 70 രോഗികളുണ്ടെന്നു ചൂണ്ടിക്കാട്ടിയ ആശുപത്രി ഓക്സിജൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചു.രണ്ടു മണിക്കൂറിലേക്കുള്ള ഓക്സിജനേയുള്ളൂവെന്ന് ഗുഡ്ഗാവ് മാക്സ് ആശുപത്രി രാവിലെ ട്വീറ്റുചെയ്തു. ഇവിടെ 70-ലേറെ രോഗികളുണ്ട്. രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രി ട്വീറ്റുചെയ്തു. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. എട്ടുമണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് എൽ.എൻ.ജെ.പി. ആശുപത്രി മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ വ്യക്തമാക്കി. ഓഖ്‌ലയിലെ ഹോളി ഫാമിലി ആശുപത്രിയിലും സമാന സ്ഥിതിയാണ്. മിക്ക ആശുപത്രികളും കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതു നിർത്തിയതോടെ ആശങ്കയിലും പരിഭ്രാന്തിയിലുമാണ് തലസ്ഥാനത്തെ കോവിഡ് സ്ഥിതി.
from mathrubhumi.latestnews.rssfeed https://ift.tt/3aAwDPU
via
IFTTT