പട്ന: ബിഹാറിൽ ഭരണപക്ഷമായ എൻഡിഎ മുന്നണിയിലെ വിള്ളൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും മറനീക്കി പുറത്ത് വരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുംബിഹാറിലെ ബിജെപിയുടെ താര പ്രചാരകനുമായ യോഗി ആദിത്യനാഥിന്റെ പൗരത്വനിയമ ഭേദഗതി പരാമർശത്തെ പൊതുവേദിയിൽ ചോദ്യം ചെയ്ത് നിതീഷ് കുമാർ. നുഴഞ്ഞു കയറ്റക്കാരെ പുറത്തെറിയുമെന്ന യോഗിയുടെ പ്രസ്താവനയാണ് നിതീഷിന്റെ അസംതൃപ്തിക്കാധാരം. ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?, ആരാണ് ഈ അസംബന്ധം പറയുന്നത്. ആരാണ് ആളുകളെ പുറത്താക്കാൻ പോകുന്നത്? ഒരാളും അത് ചെയ്യാൻ ധൈര്യപ്പെടില്ല. എല്ലാവരും ഈ രാജ്യത്തുള്ളവരാണ്. എല്ലാവരും ഇന്ത്യക്കാരാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒരു പ്രചാരണ റാലിക്കിടെ പറഞ്ഞു. ആരാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവർത്തിക്കാണ് ഞങ്ങളുടെ ശ്രമം. അത് കൊണ്ടേ പുരോഗതിയുണ്ടാകുകയുള്ളൂ. ഇത്തരം വിദ്വേഷ പ്രചാരകർ ഭിന്നിപ്പുണ്ടാക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. അവർക്ക് വേറെ ജോലിയൊന്നുമില്ലെന്നും നിതീഷ് പറഞ്ഞു. എല്ലാവരേയും ഒപ്പം ചേർക്കുക എന്നത് ഞങ്ങളുടെ കടമയും സംസ്കാരവുമാണ്. അപ്പോൾ മാത്രമാണ് ബിഹാർ പുരോഗമിക്കുകയുള്ളൂവെന്നും നിതീഷ് ട്വിറ്ററിലൂടെയും വ്യക്തമാക്കി. നുഴഞ്ഞുകയറ്റ പ്രശ്നത്തിന് മോദിജി ഒരു പരിഹാരം കണ്ടെത്തി ... സിഎഎ (പൗരത്വ ഭേദഗതി നിയമം) ഉപയോഗിച്ച് പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ അദ്ദേഹം ഉറപ്പുവരുത്തി. സുരക്ഷ ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു നുഴഞ്ഞുകയറ്റക്കാരനും രാജ്യത്ത് നിന്ന് പുറത്താക്കപ്പെടും. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും പ്രശ്നത്തിലാക്കുന്ന ആരെയും ഞങ്ങൾ സഹിക്കില്ല യോഗി ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഇത്തരത്തിൽ പറഞ്ഞതാണ് നിതീഷ് കുമാറിന്റെ രോഷത്തിനിടയാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2TSZ6rk
via
IFTTT