Breaking

Thursday, November 26, 2020

ഇനി ആകാശവാണി കേരളം, ആകാശവാണി മലയാളം; പേരും സ്വഭാവവും മാറുന്നു

കണ്ണൂർ: ചെലവുകുറയ്ക്കലിന്റെ ഭാഗമായി ആകാശവാണിയുടെ പേരും രൂപവും മാറ്റുന്നു. വാർത്തകൾക്കും സംഗീതപരിപാടികൾക്കുമായി സംസ്ഥാനത്ത് ഓരോ സ്വതന്ത്ര സ്റ്റേഷൻ മാത്രമാണുണ്ടാവുക. ഇക്കാര്യത്തിൽ അന്തിമതീരുമാനം അടുത്തദിവസംതന്നെയുണ്ടാകും. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ആകാശവാണി മലയാളം എന്ന പേരിലുള്ള സ്റ്റേഷനിൽനിന്ന് മാത്രമാണ് വാർത്തകൾ പ്രക്ഷേപണംചെയ്യുക. കോഴിക്കോട് സ്റ്റേഷൻ തത്‌കാലം അതിൽ സഹകരിക്കുന്ന ഉപസ്റ്റേഷനായി തുടരും. എന്നാൽ അല്പകാലത്തിനകംതന്നെ തിരുവനന്തപുരത്തുനിന്നുമാത്രമാവും വാർത്താവിഭാഗം പ്രവർത്തനം. പുതിയ ജീവനക്കാരെ ഈ വിഭാഗത്തിൽ നിയമിക്കാത്തതിന്റെ കൂടി ഭാഗമായാണിത്. ആകാശവാണി കേരളത്തിന്റെ കോൺട്രിബ്യൂട്ടറി പദവിയിലാണ് കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, ദേവീകുളം സ്‌റ്റേഷനുകൾ പ്രവർത്തിക്കുക. സാംസ്‌കാരിക-സാഹിത്യപരിപാടികൾ റെക്കോഡ് ചെയ്ത് തിരുവനന്തപുരത്തേക്ക് അയക്കുകയെന്നതുമാത്രമാവും ഉപ സ്റ്റേഷനുകളുടെ ചുമതല. റിലെ ചെയ്യുന്നതിനുള്ള ചുമതലയ്ക്കുപുറമേ മേഖലാ ഓഫീസിൽനിന്ന് ആവശ്യപ്പെടുന്ന റെക്കോഡിങ് മാത്രമാവും ചുമതല. ആകാശവാണി മലയാളം പൂർണമായും സംഗീതത്തിനും മറ്റ് വിനോദപരിപാടികൾക്കുമായാണ് പ്രവർത്തിക്കുക. ഇപ്പോഴത്തെ തിരുവനന്തപുരം സ്റ്റേഷനിൽത്തന്നെ പ്രവർത്തിക്കുന്ന ആകാശവാണി മലയാളത്തിന്റെ കോൺട്രിബ്യൂട്ടറി സ്‌റ്റേഷനായി കോഴിക്കോട് പ്രവർത്തിക്കും. സംസ്ഥാനത്താകെ ഒരു പരിപാടി എന്ന നിലയിലാവുകയും പ്രാദേശിക പരിപാടികൾ ഇല്ലാതാവുകയും ചെയ്യുന്നതാവും ഫലം.കോഴിക്കോട്ടും തിരുവനന്തപുരത്തും ഇപ്പോഴുള്ള വിവിധ് ഭാരതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തീരുമാനമുണ്ട്. പ്രക്ഷേപണച്ചെലവ് കുറയ്ക്കാനും നിലവിലുള്ള ഒഴിവുകളിൽ പ്രോഗ്രാം വിഭാഗത്തിൽ നിയമനം നടത്താതിരിക്കാനുമാണ് പുതിയ മാറ്റം. രാജ്യത്താകെ ഈ വിധത്തിൽ ആകാശവാണിയെ പുനഃസംഘടിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി. പരിപാടികൾ സംസ്ഥാനത്തിനാകെ ഒന്നായി മാറുന്നതിന് പുറമേ ഒരു സ്ഥലത്തുനിന്ന് ഒരു ബാനറിൽ മാത്രമാകും പ്രക്ഷേപണമെന്നതിനാൽ പരസ്യനിരക്കും കൂടും.


from mathrubhumi.latestnews.rssfeed https://ift.tt/2HCLWMR
via IFTTT