Breaking

Friday, November 27, 2020

കേരള ബാങ്കിൽ ഇടതുഭരണം; ആദ്യയോഗവും ചെയർമാൻ തിരഞ്ഞെടുപ്പും ഇന്ന്

തിരുവനന്തപുരം: കേരള ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന പ്രഥമ തിരഞ്ഞെടുപ്പിൽ ഇടത് പാനലിന് സമ്പൂർണവിജയം. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പ്രാഥമിക വായ്പാസഹകരണ സംഘങ്ങൾ, അർബൻ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തത്. സി.പി.എം. സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കലിനെ ചെയർമാനായി തിരഞ്ഞെടുത്തേക്കും. ആദ്യ ഭരണസമിതിയോഗം വെള്ളിയാഴ്ച നടക്കും. ഇതിൽ ചെയർമാനെ തിരഞ്ഞെടുക്കും. ഇതിനുശേഷം മുഖ്യമന്ത്രിയായിരിക്കും പ്രഖ്യാപനം നടത്തുക. മലപ്പുറം ഒഴികെയുള്ള ജില്ലകളിൽനിന്ന് പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലാബാങ്ക് കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാൽ ഇവിടെ ജില്ലാപ്രതിനിധി തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല. കോഴിക്കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇടത് പ്രതിനിധികൾ എതിരില്ലാതെ വിജയിച്ചിരുന്നു. അർബൻ ബാങ്കുകളുടെ പ്രതിനിധിയായി ഒരാളെ സംസ്ഥാനതലത്തിലും തിരഞ്ഞെടുത്തു. അർബൻ ബാങ്ക് പ്രതിനിധിയായാണ് ഗോപി കോട്ടമുറിക്കൽ വിജയിച്ചത്. അഡ്വ. എസ്. ഷാജഹാൻ (തിരുവനന്തപുരം), അഡ്വ. ജി. ലാലു (കൊല്ലം), എസ്. നിർമല ദേവി (പത്തനംതിട്ട), എം. സത്യപാലൻ (ആലപ്പുഴ), കെ.ജെ. ഫിലിപ്പ് (കോട്ടയം), കെ.വി. ശശി ( ഇടുക്കി), അഡ്വ. പുഷ്പദാസ് (എറണാകുളം), എം.കെ. കണ്ണൻ (തൃശ്ശൂർ), എ. പ്രഭാകരൻ (പാലക്കാട്), പി. ഗഗാറിൻ (വയനാട്), ഇ. രമേശ് ബാബു (കോഴിക്കോട്), കെ.ജി. വത്സല കുമാരി (കണ്ണൂർ), സാബു അബ്രഹാം (കാസർകോട്) എന്നിവരെയാണ് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്തത്. 2019 നവംബർ 26-നാണ് സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്. ഒരുവർഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചു. Content Highlights: Kerala State Cooperative Bank Election


from mathrubhumi.latestnews.rssfeed https://ift.tt/3fLIaxm
via IFTTT