Breaking

Saturday, November 28, 2020

കർഷകർ ഡൽഹിയിൽ; രോഷം തിളയ്ക്കുന്നു

ന്യൂഡൽഹി: ജലപീരങ്കിക്കും കണ്ണീർവാതകത്തിനും കീഴടങ്ങാതെനിന്ന കർഷകർക്ക് ഒടുവിൽ രാജ്യതലസ്ഥാനത്തേക്ക് പ്രവേശനം. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 'ദില്ലി ചലോ' ഉപരോധം വെള്ളിയാഴ്ച വൈകിട്ടോടെ ഡൽഹിയിൽ പ്രവേശിച്ചു. വ്യാഴാഴ്ചമുതൽ അതിർത്തിയിൽ തമ്പടിച്ച കർഷകരെ ഡൽഹി ബുറാഡിയിലെ നിരങ്കാരി മൈതാനത്തെത്തി ധർണ നടത്താൻ ഡൽഹി പോലീസ് അനുവദിച്ചു. ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കളുമായാണ് കർഷകർ എത്തിയിട്ടുള്ളത്. ഇതിനിടെ, ഡിസംബർ മൂന്നിന് കർഷകനേതാക്കളുമായി ചർച്ച നടത്താമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പ്രഖ്യാപിച്ചെങ്കിലും കർഷകനേതാക്കൾ പ്രതികരിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെമുതൽ സംഘർഷഭരിതമായിരുന്നു തലസ്ഥാനാതിർത്തി. ദേശീയപാതയിൽ പോലീസ് ബാരിക്കേഡ് നിരത്തി. പഞ്ചാബിലും ഹരിയാണയിലും കർഷകരെ തടയാനുള്ള പോലീസ് ശ്രമവും ഫലിച്ചില്ല. ഇതിനിടയിൽ ജി.ടി. കർണാൽ റോഡിലും മറ്റും കർഷകർക്കുനേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഡൽഹി-ഹരിയാണ അതിർത്തിയിലുള്ള ശംഭു എന്ന സ്ഥലത്തായിരുന്നു കണ്ണീർ വാതകപ്രയോഗം. തിഗ്രി അതിർത്തിയിൽ ജലപീരങ്കി ഉപയോഗിച്ചു. സോനെപത്ത്, കൈത്താൾ, മുർത്താൾ ദേശീയപാതകളിലൊക്കെ പോലീസ് തടസ്സമുണ്ടാക്കി. ഡൽഹി-ഹരിയാണ അതിർത്തിയിലുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ, തിഗ്രിയിൽ കേന്ദ്രീകരിച്ച കർഷകരെ വൈകീട്ട് മൂന്നോടെ പോലീസ് അകമ്പടിയിൽ ബുറാഡി മൈതാനത്തെത്തിക്കുകയായിരുന്നു. കർഷകരുടെ ആവശ്യത്തിനു മുന്നിൽ കേന്ദ്രസർക്കാരിനു കീഴടങ്ങേണ്ടി വന്നതായി നേതാക്കൾ പ്രഖ്യാപിച്ചു. സമാധാനപരമായി സമരം ചെയ്യണമെന്ന നിബന്ധനയിലാണ് പ്രവേശനം അനുവദിച്ചതെന്ന് ഡൽഹി പോലീസ് പി.ആർ.ഒ. ഈഷ് സിംഘാൾ പറഞ്ഞു. രാവിലെ പതിനായിരക്കണക്കിനു കർഷകർ അതിർത്തിയിൽ തടിച്ചുകൂടിയപ്പോൾ തലസ്ഥാനത്തെ ഒമ്പതു സ്റ്റേഡിയങ്ങൾ താത്കാലിക ജയിലുകളാക്കി മാറ്റാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പോലീസ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. കർഷകർക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്ന നിലപാടെടുത്ത എ.എ.പി. സർക്കാർ ആവശ്യം നിരസിച്ചു. പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ലാൽറു, ശംഭു, പട്യാല-പെഹോവ, പത്രാൻ-കനോരി, മൂനക്-തൊഹാന, രത്തിയ-ഫത്തേബാദ്, തൽവാണ്ടി-സിർസ എന്നീ ഭാഗങ്ങളിലൂടെ ഡൽഹിയിലേക്കു പ്രവേശിക്കാൻ ശ്രമിച്ചു. ഡൽഹി-ഹരിയാണ അതിർത്തിയായ ഗുഡ്ഗാവിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ഉത്തർപ്രദേശിൽനിന്നുള്ള കർഷകർ ഗാസിപ്പുർ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിലൂടെ ഡൽഹിക്കു കടക്കാൻ ശ്രമിച്ചു. സംഘർഷസാധ്യതയെ തുടർന്ന് ദേശീയ തലസ്ഥാന മേഖലയിലെ മെട്രോസ്റ്റേഷനുകളും അടച്ചിട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/36bYlka
via IFTTT