Breaking

Friday, November 27, 2020

ലൈംഗിക തൊഴിലാളികള്‍ക്ക് മാസം തോറും 5000 രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികൾക്ക് താത്കാലിക ധനസഹായമായി സംസ്ഥാനസർക്കാർ മാസം തോറും അയ്യായിരം രൂപ നൽകും. ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികൾക്ക് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ട് സർക്കാർ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി. പദ്ധതിയ്ക്കായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുർ വ്യക്തമാക്കി. സ്കൂളിൽ പോകുന്ന കുട്ടികളുള്ളവർക്ക് അധിക ധനസഹായവും അനുവദിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ സഹായം ലഭ്യമാക്കിയതായും ജീവിതവൃത്തിക്കായുള്ള അവകാശം ലൈംഗികത്തൊഴിലാളികൾക്ക് ഉറപ്പുവരുത്തുന്നതിനായി സർക്കാർ ഉത്തരവ് പുറത്തിറക്കിയതാണെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അവർ കൂട്ടിച്ചേർത്തു. സ്കൂളിൽ പോകുന്ന കുട്ടികളുള്ള അമ്മമാർക്ക് 2,500 രൂപ അധികസഹായം നൽകും. സംസ്ഥാനത്തൊട്ടാകെ 31,000 ത്തോളം ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് സർക്കാരിന്റെ പദ്ധതി പ്രഖ്യാപനം. വ്യാഴാഴ്ച 6,406 പേർക്ക് കൂടിയാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 18,02,365 പേർക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. സാമ്പത്തിക പ്രക്രിയകൾ പുനരാരംഭിച്ചെങ്കിലും വ്യാവസായികമേഖലയിൽ പ്രതിസന്ധി തുടരുകയാണ്. കോവിഡ് വ്യാപനം തടയുന്നതിനായി പുതുക്കിയ മാർഗനിർദേശങ്ങൾ സർക്കാർ ബുധനാഴ്ച പുറത്തിറക്കി. Content Highlights: Sex workers in Maharashtra to be given financial aid of Rs 5,000 per month from October


from mathrubhumi.latestnews.rssfeed https://ift.tt/33nnw1z
via IFTTT