മുംബൈ: ഒരുനൂറ്റാണ്ടിനടുത്ത് (94 വർഷം) പ്രവർത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല. വെള്ളിയാഴ്ചമുതൽ ലക്ഷ്മി വിലാസ് ബാങ്ക് ശാഖകൾ ഡി.ബി.എസ്. ഇന്ത്യ ബാങ്കിന്റെ ശാഖകളായി സാധാരണ പോലെ പ്രവർത്തനം തുടങ്ങും. ബാങ്കിന് ആർ.ബി.ഐ. ഏർപ്പെടുത്തിയ മൊറട്ടോറിയം പിൻവലിച്ചു. നിക്ഷേപകർക്ക് പണം പിൻവലിക്കാനുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിനെ ഡി.ബി.എസ്. ഇന്ത്യ ബാങ്കിൽ ലയിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിനുപിന്നാലെയാണിത്. സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കിൽ 20,973 കോടി രൂപയുടെ നിക്ഷേപവും 16,622 കോടി രൂപയുടെ വായ്പകളുമാണുള്ളത്. 4,063 കോടി രൂപ കിട്ടാക്കടമായി മാറിയിട്ടുണ്ട്. ഒമ്പതുദിവസം മാത്രമാണ് ആർ.ബി.ഐ. മൊറട്ടോറിയം നിലനിന്നത്. അതിനുള്ളിൽ രക്ഷാപദ്ധതി പൂർത്തിയാക്കി. ലക്ഷ്മിവിലാസ് ബാങ്കിലെ അക്കൗണ്ടുടമകൾ വെള്ളിയാഴ്ചമുതൽ ഡി.ബി.എസ്. ബാങ്ക് ഇന്ത്യയുടെ ഉപഭോക്താക്കളായിമാറും. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണക്കാരായവരെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ റിസർവ് ബാങ്കിനോട് നിർദേശിച്ചിട്ടുണ്ട്. ലയനപദ്ധതിക്ക് അംഗീകാരമായതോടെ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ സ്വയം ഡീ ലിസ്റ്റ് ചെയ്യപ്പെടും. ഇതുമൂലം ബാങ്കിന്റെ ഓഹരികളിൽ നിക്ഷേപിച്ചിരുന്നവർക്ക് പണം പൂർണമായി നഷ്ടമാകും. വ്യാഴാഴ്ചമുതൽ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികളുടെ വ്യാപാരം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/33gHGu3
via
IFTTT