Breaking

Saturday, November 28, 2020

കേരള ബാങ്കിന്റെ ആദ്യബോർഡ് തീരുമാനമായി ‘കുട്ടി നിക്ഷേപം’

തിരുവനന്തപുരം: കിട്ടാക്കടം തിരിച്ചുപിടിക്കാൻ കർമപദ്ധതിയും സേവനം ജനകീയമാക്കാനുള്ള നിക്ഷപപദ്ധതിയും നിർദേശിച്ച് കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതിയോഗം. ഗോപി കോട്ടമുറിക്കലിനെ പ്രസിഡന്റായും എം.കെ. കണ്ണനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തതിനുശേഷമാണ് ബാങ്കിന്റെ ബിസിനസ് കാര്യങ്ങൾ പരിഗണിച്ചത്. വിദ്യാർഥികൾക്ക് ഗുണമാവുന്ന രീതിയിൽ 'കുട്ടി നിക്ഷേപ' പദ്ധതിക്ക് ബോർഡ് അനുമതിനൽകി. വിദ്യാർഥി പന്ത്രണ്ടാംക്ലാസിൽ എത്തുന്നതുവരെ കാലാവധിയുള്ളതാകും ഈ നിക്ഷേപ സ്കീം. പ്ലസ് ടു കഴിയുമ്പോൾ നിക്ഷേപവും അതിന് ആനുപാതികമായ ബാങ്കുവിഹിതവും ചേർത്ത് തിരികെ ലഭിക്കും. ഉപരിപഠനത്തിന് സാമ്പത്തിക ആശ്വാസവും വിദ്യാർഥികളിൽ നിക്ഷേപശീലവും ഉണ്ടാക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കുടിശ്ശിക പിരിച്ചെടുക്കാൻ 'സ്പെഷ്യൽ ഡ്രൈവ്' നടത്താനും ആദ്യ ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. ബോർഡ് ഓഫ് മാനേജ്മെന്റായി റിസർവ് ബാങ്ക് നിർദേശമനുസരിച്ച് കേരള ബാങ്കിന് ബോർഡ് ഓഫ് മാനേജ്മെന്റ് രൂപവത്കരിച്ചു. ഭരണസമിതിക്ക് ഉപരിയായി റിസർവ് ബാങ്കിന് നേരിട്ടുനിയന്ത്രണമുള്ള പ്രൊഫഷണൽ ബോഡിയാണ് ബോർഡ് ഓഫ് മാനേജ്മെന്റ്. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാന സഹകരണബാങ്കിന് ബോർഡ് ഓഫ് മാനേജ്മെന്റ് രൂപവത്കരിക്കണമെന്ന നിർദേശം റിസർവ് ബാങ്ക് മുന്നോട്ടുവെക്കുന്നത് കേരള ബാങ്കിലാണ്. 12 പേരാണ് ബോർഡ് ഓഫ് മാനേജ്മെന്റിലുണ്ടാകേണ്ടത്. ഭരണസമിതിയിൽനിന്ന് ആറുപേരെ ഇതിലേക്ക് നിയമിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കുപുറമേ, അഡ്വ. ജി. ലാലു (കൊല്ലം), കെ.ജെ. ഫിലിപ്പ് (കോട്ടയം), എസ്. ഷാജഹാൻ (തിരുവനന്തപുരം), കെ.ജെ. വത്സലകുമാരി (കണ്ണൂർ) എന്നിവരാണിവർ. റിസർവ് ബാങ്ക് നിർദേശിച്ച മേഖലയിൽനിന്നുള്ള വിദഗ്ധരായിരിക്കണം മറ്റുള്ളവർ. ഇതിലേക്ക് അഞ്ചുപേരെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ആർ.ബി.ഐ. റിട്ട. എ.ജി. എം.വി. രവീന്ദ്രൻ (ബാങ്കിങ് രംഗം), ആസൂത്രണബോർഡ് അംഗം കെ.എൻ. ഹരിലാൽ (സാമ്പത്തികരംഗം), മുൻ സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് പി.എ. ഉമ്മർ (സഹകരണരംഗം), അഡ്വ. മാണി വിതയത്തിൽ (നിയമരംഗം), കേരള കാർഷിക സർവകലാശാല പ്രൊഫസർ ഡോ. ജിജു പി. അലക്സ് (കൃഷിരംഗം) എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ. ഒരാളെ പിന്നീട് നിശ്ചയിക്കും. Content Highlights:Kerala Bank – Kerala State Cooperative Bank


from mathrubhumi.latestnews.rssfeed https://ift.tt/3o499qE
via IFTTT