Breaking

Friday, November 27, 2020

സി.പി.എമ്മിന് അതൃപ്തി; മൂന്നാംനാൾ സ്പീക്കറുടെ നിഷേധം

തിരുവനന്തപുരം: സി.എ.ജി. റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ട മന്ത്രി തോമസ് ഐസക്കിന്റെ നടപടിയോട് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രകടിപ്പിച്ച അതൃപ്തി സി.പി.എമ്മിനെ ചൊടിപ്പിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കറുടെ അതൃപ്തിയുടെ വിവരം പുറത്തുവന്നത്. സ്പീക്കറോ അദ്ദേഹത്തിന്റെ ഓഫീസോ ഇക്കാര്യം നിഷേധിച്ചില്ല. നിഷേധം വരുന്നത് മൂന്നാംനാളാണ്. പാർട്ടിയുടെ സമ്മർദമാണ് വൈകിയുള്ള നിഷേധത്തിന് കാരണമായതെന്നാണ് സൂചന. നിയമസഭയുടെ അവകാശം 'രാഷ്ട്രീയ'മാക്കുന്നതിലായിരുന്നു സ്പീക്കർക്ക് വിയോജിപ്പ്. നിയമസഭാ സെക്രട്ടേറിയറ്റിൽ നടന്ന ആഭ്യന്തരയോഗത്തിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചെന്നതായിരുന്നു വാർത്ത. വിവാദത്തിൽനിന്ന് വികസനത്തിലേക്ക് രാഷ്ട്രീയചർച്ച മാറ്റാൻ സി.എ.ജി. ഓഡിറ്റ് റിപ്പോർട്ടിലെ കിഫ്ബിക്കെതിരേയുള്ള പരാമർശം പുറത്തുവിട്ടതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെയാണ് ഈ 'അവകാശലംഘന'ത്തിന് മന്ത്രി തോമസ് ഐസക് ഒരുങ്ങിയത്. സി.എ.ജി. റിപ്പോർട്ട് സഭയിൽവെക്കുന്നതിനുമുമ്പ് വിവരങ്ങൾ ചോരാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നുള്ള വെളിപ്പെടുത്തൽ നിയമസഭയുടെ അവകാശ ലംഘനമാകുമെന്ന് ഉറപ്പിച്ചുള്ള നീക്കമായിരുന്നു അത്. കിഫ്ബിക്കെതിരേയുള്ള സി.എ.ജി.യുടെ പരാമർശങ്ങൾ ഗുരുതരമായ ആരോപണ സ്വഭാവമുള്ളവയാണ്. അടുത്ത നിയമസഭാ സമ്മേളനത്തിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെഷനായിരിക്കും. സി.എ.ജി.യുടെ കണ്ടെത്തൽ മുള്ളും മുനയുംവെച്ച് പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്. ഇത് പൊളിക്കാനുള്ള ലക്ഷ്യവും ധനമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നിലുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുറപ്പിച്ചാണ് ധനമന്ത്രി സി.ഐ.ജി. റിപ്പോർട്ട് ആയുധമാക്കി 'വികസന രാഷ്ട്രീയം' ചർച്ചയാക്കിയത്. അവകാശലംഘനമായാലും അസാധാരണഘട്ടത്തിൽ ഇങ്ങനെയേ പ്രതികരിക്കാനാകൂവെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചതും അത് മുഖ്യമന്ത്രിയടക്കം ഏറ്റെടുത്തതും രാഷ്ട്രീയതീരുമാനമാണ്. ഈ ഘട്ടത്തിലാണ് സ്പീക്കറുടെ 'അതൃപ്തി' വാർത്ത പുറത്തുവന്നത്. അതിലും, വാർത്ത നിഷേധിക്കാത്തതിലും സി.പി.എം. നേതൃത്വത്തിന് അതൃപ്തിയുണ്ടായി. ഇതോടെയാണ് മൂന്നാംനാൾ സ്പീക്കറുടെ ഓഫീസ് നിഷേധക്കുറിപ്പ് ഇറക്കിയത്. സ്പീക്കർമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുന്ന ശ്രീരാമകൃഷ്ണൻ ഗുജറാത്തിലെ കെവാഡിയയിലാണ് ഇപ്പോഴുള്ളത്. ശനിയാഴ്ച തിരിച്ചെത്തും. വി.ഡി. സതീശൻ എം.എൽ.എ. നൽകിയ അവകാശലംഘന നോട്ടീസിൽ സ്പീക്കർ മന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടിയിട്ടുണ്ട്. സ്പീക്കർ സ്ഥലത്തില്ലാത്തതിനാൽ ധനമന്ത്രി മറുപടി നൽകിയിട്ടില്ല. മറുപടി ലഭിച്ചാൽ അത് എത്തിക്സ് കമ്മിറ്റിക്ക് കൈമാറാനാണ് സാധ്യത. 'അതൃപ്തി' വാർത്ത വസ്തുതാവിരുദ്ധം -സ്പീക്കർ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ലഭിച്ച അവകാശലംഘന നോട്ടീസിന് അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞത് സ്വാഭാവിക നടപടി മാത്രമാണെന്ന് സ്പീക്കറുടെ ഓഫീസ്. ധനമന്ത്രി തോമസ് ഐസക്കുമായി സ്പീക്കർക്ക് അതൃപ്തി എന്ന നിലയിലുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. Content Highlights:Speaker s dissatisfaction with Finance Minister Thomas Isaac was untrue says speakers office


from mathrubhumi.latestnews.rssfeed https://ift.tt/3fCuBju
via IFTTT