Breaking

Wednesday, November 25, 2020

പഞ്ചാബില്‍ മഞ്ഞുരുകുന്നു...സിദ്ദുവിനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് അമരീന്ദര്‍ സിങ്

അമൃത്സർ: തന്റെ ഏറ്റവും വലിയ എതിരാളിയും പാർട്ടിയിലെ തന്റെ വിമർശകനുമായ നവജ്യോത് സിങ് സിദ്ദുവിനെ ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ദേശീയ-സംസ്ഥാന രാഷ്ട്രീയം ഇരുനേതാക്കളും ചർച്ച ചെയ്യുമെന്നാണ് വിവരം. അമരീന്ദർ സിങിന്റെ മാധ്യമ ഉപദേഷ്ടാവാണ് ഈ അപ്രതീക്ഷിത ക്ഷണത്തിന്റെ കാര്യം പ്രഖ്യാപിച്ചത്. ഇരുനേതാക്കളും തമ്മിലുള്ള ചർച്ച പാർട്ടി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങൾക്കിടയാക്കിയിട്ടുണ്ട്. പാർട്ടിയിൽ മൂന്ന് വർഷം മാത്രം പ്രായമുള്ള സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിൽ അമിരീന്ദർ സിങ് നേരത്തെ എതിരഭിപ്രായം പറഞ്ഞിരുന്നെങ്കിലും ഇരുനേതാക്കളും തമ്മിലുള്ള യോഗത്തിന് ശേഷം ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2022-ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിത്വമാണ് സിദ്ദു ലക്ഷ്യമിടുന്നത്. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്കൊടുവിൽ അമരീന്ദർ സിങ് മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ വർഷം സിദ്ദു രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ആം ആദ്മി പാർട്ടിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹവും ഉയർന്നിരുന്നു. രാഹുൽ ഗാന്ധിയുടെ പിന്തുണയുള്ള നേതാവെന്ന് അറിയപ്പെട്ടിരുന്ന സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചത്തോടെ പൊതുരംഗത്ത് സജീവമായിരുന്നില്ലെങ്കിലും കർഷക സമരത്തിൽ അദ്ദേഹം സ്ഥിരം സാന്നിധ്യമായി.. പഞ്ചാബിലെ കർഷക സമരം അവസാനിച്ചതിന് പിന്നാലെയാണിപ്പോൾ സിദ്ദുവിന് അമരീന്ദർ സിങിന്റെ ക്ഷണമുണ്ടായിരിക്കുന്നത്. ഇരുനേതാക്കളും തമ്മിലുള്ള വിടവ് നികത്തുന്നതിനായി മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് പഞ്ചാബിന്റെ ചുമതല നൽകിയിരുന്നു. അടുത്തിടെ കർഷക സമരങ്ങളിൽ പങ്കെടുത്ത് സംസാരിച്ച സിദ്ദു തന്റെ പ്രസംഗങ്ങളിൽ അമരീന്ദർ സിങിനെതിരെയുള്ള വിമർശനം ഒഴിവാക്കുകയും പകരം അദ്ദേഹത്തെ പ്രകീർത്തിക്കുകയും ചെയ്തിരുന്നതും ശ്രദ്ധേയമാണ്. Content Highlights:Punjab-Amarinder Singh Invites Navjot Sidhu


from mathrubhumi.latestnews.rssfeed https://ift.tt/2J50Wn0
via IFTTT