Breaking

Friday, November 27, 2020

പരാതിയുമായി സ്റ്റേഷനിലെത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

കാട്ടാക്കട: സ്റ്റേഷനിൽ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സംഭവത്തെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.ക്കാണ് അന്വേഷണ ചുമതല. നെയ്യാർഡാം പോലീസ് സ്റ്റേഷനിൽ നടന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. സ്റ്റേഷനിലെ എ.എസ്.ഐ. ഗോപകുമാറിനെയാണ് ഇടുക്കിയിലേക്കു സ്ഥലംമാറ്റിയത്. നെയ്യാർഡാം പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന പിതാവിനോടും മകളോടും പരുഷമായ രീതിയിൽ പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യമാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നെയ്യാർഡാം പള്ളിവേട്ട സ്വദേശിയായ സുദേവൻറെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആരോ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തിയ സുദേവനോടും കൂടെയുണ്ടായിരുന്ന മകളോടും ഉദ്യോഗസ്ഥൻ മോശമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.സംഭവത്തിൽ പോലീസിനു ഗുരുതരവീഴ്ച ഉണ്ടായിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിക്കാരോടു മോശമായി പെരുമാറിയതായി വീഡിയോ ദൃശ്യങ്ങളിൽനിന്നുതന്നെ വ്യക്തമായിരുന്നു. ഒരു സ്ത്രീ കൂടെയുണ്ടായിരുന്നു എന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നു. ഈ സമയങ്ങളിൽ പോലീസ് കാണിക്കേണ്ട മാന്യത പാലിച്ചിട്ടില്ലെന്നു വ്യക്തമായതിനെത്തുടർന്നാണ് അടിയന്തര നടപടി.


from mathrubhumi.latestnews.rssfeed https://ift.tt/3mcJc7N
via IFTTT