ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണയുടെ വിയോഗം ലോകത്തെ ഒന്നടംങ്കം ദുഃഖത്തിലാഴ്ത്തി. ലോകമെമ്പാടും അർജന്റീനയുടെ അതുല്യ പ്രതിഭയ്ക്ക് ആദരാജ്ഞലി അർപ്പിക്കുകയാണ്. ഫുട്ബോളിലെ ദൈവ സാന്നിധ്യമായ മറഡോണ ബുധനാഴ്ച ടിഗ്രെ നഗരത്തിലെ സ്വവസതിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.താരത്തിന്റെ വിയോഗത്തിൽ അർജന്റീനയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മറഡോണയുടെ വിയോഗത്തെ തുടർന്ന് ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുമ്പായി ഒരു മിനിറ്റ് ദുഃഖാചരണം നടത്തി. മറ്റു യൂറോപ്യൻ മത്സരങ്ങൾക്ക് മുമ്പായും ദുഃഖാചരണം നടത്തും. മെസ്സി, ക്രിസ്റ്റ്യാനോ തുടങ്ങിയ ഫുട്ബോൾ താരങ്ങളും രാഷ്ട്ര തലവൻമാരും രാഷ്ട്രീയ നേതാക്കളും ആദാരാജ്ഞലികൾ അർപ്പിച്ചു. ഒരു ദിവസം ആകാശത്ത് തങ്ങളൊരുമിച്ച് പന്ത് തട്ടുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ പറഞ്ഞു. ഫോട്ടോ എ.എഫ് പി മറഡോണ ലോക ഫുട്ബോളിനെ മികച്ചതാക്കി എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള പറഞ്ഞു. ഒരു വർഷം മുമ്പ് അർജന്റീനയിൽ ഒരു ബാനർ ഉണ്ടായിരുന്നു, ഞാൻ ഇങ്ങനെ വായിച്ചു: ഡീഗോ, നിങ്ങളുടെ ജീവിതംകൊണ്ട് നിങ്ങൾ എന്തുചെയ്തുവെന്നത് പ്രശ്നമല്ല, ഞങ്ങളുടെ ജീവിതത്തിനായി നിങ്ങൾ എന്തുചെയ്യുന്നുവെന്നത് പ്രധാനമാണ്, ഗ്വാർഡിയോള കൂട്ടിച്ചേർത്തു. അർജന്റീനക്കാരനും ഫുട്ബോൾ ആരാധകനുമായ ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രാർത്ഥനയിൽ മറഡോണയെ അനുസ്മരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. മറഡോണയോടുള്ള ആദരവിന്റെ ഭാഗമായി സ്പോട്ട് ക്ലബ്ല് ഇന്റർനാഷണലും മറഡോണയുടെ മുൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. നിങ്ങൾ ഞങ്ങളെ ലോകത്തിന്റെ മുകളിലെത്തിച്ചു. നിങ്ങൾ ഞങ്ങൾക്ക് സന്തോഷം നൽകി. എല്ലാവരിലും വലിയവനായി നിങ്ങൾ നിലനിന്നതിന് നന്ദി, ജീവിതകാലം മുഴുവൻ നിങ്ങളെ ഞങ്ങൾക്ക് നഷ്ടമാകും അർജന്റീനൻ പ്രസിഡന്റ് ആർബേർട്ടോ ഫെർണാൻഡസ് ട്വിറ്ററിൽ കുറിച്ചു. ഇതിനിടെ ബ്യൂണസ് ഐറിസിൽ മറഡോണയുടെ വീടിന് മുന്നിലേക്ക് ജനങ്ങൾ ഒഴുകിയെത്തികൊണ്ടിരിക്കുകയാണ്. ബൊളീവിയൻ മുൻ പ്രസിഡന്റ് ഇവോ മോറെൽസ് മറഡോണയെ അവഗണിക്കപ്പെട്ടവർക്കായി പോരാടിയ വ്യക്തിയെന്നാണ് വിശേഷിച്ചത്. നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാത്തിനും നിത്യമായി നന്ദി ഡീഗോ ! റെസ്റ്റ് ഇൻ പീസ്. നിങ്ങൾ അത് ആവശ്യത്തിലധികം നേടി തന്നു, മുൻ അർജന്റീനൻ താരം ജാവിയർ മഷറാനോ ട്വിറ്ററിലൂടെ അറിയിച്ചു. ബോക്സർ മൈക് ടൈസണും മറഡോണയ്ക്ക് ആദരാജ്ഞലി അർപ്പിച്ചു. ദൈവത്തിന്റെ കൈ, മറഡോണ ഞങ്ങളെ വിട്ടുപോയി. 86 ൽ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ചാമ്പ്യൻഷിപ്പുകൾ നേടി. ഞങ്ങളെ രണ്ടുപേരെയും താരതമ്യം ചെയ്യാൻ ആളുകൾ ഇതിനെ ഉപയോഗിക്കുന്നു. അവൻ എന്റെ ഹീറോയും സുഹൃത്തും ആയിരുന്നു. ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചു ടൈസൺ പറഞ്ഞു. ഫുട്ബോളിനെ മനോഹരമായ ഗെയിം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് കാണിച്ച് തന്ന മാന്ത്രികനായിരുന്നു മറഡോണയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും തന്റെ അനുശോചനമെന്നും രാഹുൽ കുറിച്ചു. ഫോട്ടോ എ.എഫ് പി എന്റെ ഹീറോ ഇനി ഇല്ല .. എന്റെ ഭ്രാന്തൻ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു .. ഞാൻ നിങ്ങൾക്കായി ഫുട്ബോൾ കണ്ടു സൗരവ് ഗാംഗുലി അനുശോചിച്ചു. 1960 ഒക്ടോബറിൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിലാണ് മറഡോണയുടെ ജനനം. ഡോൺ ഡീഗോ ഡാൽമ സാൽവദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായിരുന്നു ഡീഗോ അർമാൻഡോ മാറഡോണ. മാറഡോണയുടെ പേരിലെ അർമാൻഡോ എന്ന ഭാഗത്തിന്റെ അർഥം സൈന്യത്തിലെ അംഗം എന്നായിരുന്നു. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. ഫാക്ടറി ജീവനക്കാരനായിരുന്ന അച്ഛൻ ഡോണിന് മൂന്ന് ആൺകുട്ടികളും അഞ്ചു പെൺകുട്ടികളും അടങ്ങുന്ന ആ കുടുംബം പുലർത്താൻ സാധിച്ചിരുന്നില്ല. ഫുട്ബോളുമായുള്ള കുഞ്ഞു മാറഡോണയുടെ ബന്ധം ആരംഭിക്കുന്നത് അവന്റെ മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയിൽ നിന്ന് ഒരു പന്ത് സമ്മാനമായി ലഭിച്ചതോടെയാണ്. ഒമ്പതാം വയസിൽ തന്നെ ആ പ്രദേശത്തെ നല്ല ഫുട്ബോൾ കാളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്ബോൾ ടീമായിരുന്ന ലിറ്റിൽ ഒനിയനിലേക്ക് അവൻ തിരഞ്ഞെടുക്കപ്പെട്ടു. 12-ാം വയസിൽ ലിറ്റിൽ ഒനിയനിയൻസിൽ നിന്ന് മാറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അർജന്റിനോസ് ജൂനിയേഴ്സ് ടീമിലേക്ക്. അങ്ങനെ 1976-ൽ 16 വയസ് തികയാൻ 10 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മാറഡോണ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. ഫോട്ടോ എ.എഫ് പി 2003 വരെ അർജന്റീനയിൽ പ്രൊഫഷണൽ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മാറഡോണയുടെ പേരിലായിരുന്നു. 1976 മുതൽ 1981 വരെയുള്ള കാലയളവിൽ അർജന്റിനോസ് ജൂനിയേഴ്സിനായി 166 മത്സരങ്ങൾ കളിച്ച താരം 111 ഗോളുകളും സ്വന്തം പേരിലാക്കി. ഒന്നാം ഡിവിഷനിൽ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മാറഡോണയുടെ വരവോടെ 1980-ൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. പിന്നീട് 1977-ൽ തന്റെ 16-ാം വയസിൽ ദേശീയ ടീമിന്റെ നീലക്കുപ്പായം മാറഡോണയെ തേടിയെത്തി. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താൽ 1978-ലെ അർജന്റീനയുടെ ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂൺ രണ്ടിന് സ്കോട്ട്ലൻഡിനെതിരേ നടന്ന മത്സരത്തിൽ രാജ്യത്തിനായുള്ള ആദ്യ ഗോൾ മാറഡോണ കുറിച്ചു. അതേ വർഷം തന്നെ യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള അർജന്റീന ടീമിനെ നയിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ മാറഡോണ, അർജന്റീനയെ ജേതാക്കളാക്കിയ ശേഷം കപ്പുമായാണ് മടങ്ങിയെത്തിയത്. 1986 ലോകകപ്പിലെയും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ മാറഡോണയ്ക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും ഗോൾഡൻ ബോൾ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമാണ്. 1981-ൽ 1.96 ദശലക്ഷം ഡോളറിന് അദ്ദേഹത്തെ ബൊക്ക ജൂനിയേഴ്സ് സ്വന്തമാക്കി. അതേ വർഷം തന്നെ ബൊക്ക ജൂനിയേഴ്സിനൊപ്പം അർജന്റീന ലീഗ് ക്ലബ്ബ് ഫുട്ബോൾ കിരീടവും മാറഡോണ സ്വന്തമാക്കി. 1982-ൽ അർജന്റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ്. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അർജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരൻ ജോവോ ബാറ്റിസ്റ്റാ ഡസിൽവയെ ചവിട്ടിവീഴ്ത്തിയതിന് മാറഡോണ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു. ഫോട്ടോ എ.എഫ് പി ലോകകപ്പിനു പിന്നാലെ മാറഡോണയെ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളർ മുടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സ്വന്തമാക്കി. 1983-ൽ ബാഴ്സയ്ക്കൊപ്പം കോപ്പ ഡെൽ റേ കപ്പും സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. ബാഴ്സയിൽ മികച്ച രണ്ടു വർഷങ്ങളായിരുന്നു താരത്തിന്റേത്. 58 മത്സരങ്ങളിൽ നിന്നായി ബാഴ്സയ്ക്കായി 38 ഗോളുകളും സ്വന്തമാക്കി. പക്ഷേ പിന്നീട് പരിക്കും വിവാദങ്ങളും അദ്ദേഹത്തെ അലട്ടി. സഹതാരങ്ങളുമായും ക്ലബ്ബ് അധികൃതരുമായും പ്രശ്നങ്ങൾ ഉടലെടുത്തു. ഒടുവിൽ 1984-ൽ ബാഴ്സ വിട്ട് ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയിലേക്ക്. അന്നത്തെ റെക്കോഡ് തുകയായിരുന്ന 13.54 ദശലക്ഷം ഡോളറായിരുന്നു കൈമാറ്റ തുക. 1984 നവംബർ ഏഴിനാണ് മാറഡോണയുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം നടക്കുന്നത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ക്ലോഡിയ വില്ലഫെയ്നെ താരം ജീവിതത്തിലേക്ക് കൂട്ടി. 1987 ഏപ്രിൽ രണ്ടിന് ഇരുവർക്കും ആദ്യ കുട്ടി ജനിച്ചു. ഡാൽമ നെരിയ. 1989 മേയ് 16-നായിരുന്നു രണ്ടാമത്തെ മകൾ മകൾ ജിയാനിന്ന ഡിനോരയുടെ ജനനം. എന്നാൽ മയക്കുമരുന്നിന്റെ ഉപയോഗവും മറ്റ് ബന്ധങ്ങളും താരത്തിന്റെയും ക്ലോഡിയയുടെയും ജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തി. 15 വർഷക്കാലത്തെ ദാമ്പത്യത്തിനു ശേഷം 2004-ൽ ഇരുവരും വേർപിരിഞ്ഞു. ഡിവോഴ്സ് നടപടികൾക്കിടെയാണ് തനിക്ക് മറ്റൊരു ബന്ധത്തിൽ ഒരു മകനുണ്ടെന്ന് മാറഡോണ വെളിപ്പെടുത്തുന്നത്. 1984 മുതൽ 1991 വരെ നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളിൽ നിന്ന് 81 തവണ സ്കോർ ചെയ്തു. മാറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ സുവർണ കാലവും ക്ലബ്ബിന്റെ ചരിത്രത്തിലെ സുവർണ കാലവും ഇതായിരുന്നു. 1986-87, 1989-90 സീസണുകളിൽ ക്ലബ്ബ് സീരി എ കിരീടത്തിൽ മുത്തമിട്ടു. 1988-89 സീസണിൽ യുവേഫ സൂപ്പർ കപ്പിലും മാറഡോണ നാപ്പോളിയെ കിരീടത്തിലേക്ക് നയിച്ചു. 1987-88, 1988-89 സീസണുകളിൽ ഇറ്റാലിയൻലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ക്ലബ്ബിനായി. ഇതിനൊപ്പം 1986-87 സീസണിൽ കോപ്പാ ഇറ്റാലിയ കിരീടവും 1990-91 സീസണിൽ സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടവും നാപ്പോളി സ്വന്തമാക്കി. ഇതിനിടെ 1986-ൽ തന്റെ രണ്ടാം ലോകകപ്പിൽ അർജന്റീനയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. 1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ നടന്ന ക്വാർട്ടർ ഫൈനലിൽ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ) ചരിത്രത്തിൽ ഇടംനേടി. ഫൈനലിൽ പശ്ചിമ ജർമനിയെ തോൽപ്പിച്ച് കീരിടവുമായാണ് മാറഡോണയുടെ ടീം മടങ്ങിയെത്തിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയതും മാറഡോണ തന്നെ. 1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. ചാമ്പ്യന്മാരായ അർജന്റീനയെ ആദ്യ മത്സരത്തിൽ പക്ഷേ കാമറൂൺ അട്ടിമറിച്ചു. കഷ്ടിച്ച് ഫൈനൽ വരെ എത്തിയ ടീം പശ്ചിമ ജർമനിയോട് തോറ്റു. രാജ്യത്തിനായി നാലു ലോകകപ്പുകൾ കളിച്ച മാറഡോണ 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. അർജന്റീനയ്ക്കായി 91 മത്സരങ്ങളിൽ നിന്ന് 34 തവണ അദ്ദേഹം സ്കോർ ചെയ്തു. പിന്നീട് 1991 മാർച്ച് 17-ന് ഒരു ഫുട്ബോൾ മത്സരത്തിന് ശേഷം നടന്ന പരിശോധനയിൽ താരം കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് 15 മാസത്തെ വിലക്ക്. അർജന്റീനയിൽ മടങ്ങിയെത്തിയതിനു പിന്നാലെ കൊക്കെയ്ൻ കൈവശം വെച്ചതിന് താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊക്കെയ്ൻ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. 1992-ൽ വിലക്ക് അവസാനിച്ചെങ്കിലും നാപ്പോളിക്ക് കളിക്കാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് നാപ്പോളി വിട്ട് സ്പാനിഷ് ക്ലബ്ബ് സെവിയ്യയിലേക്ക് കൂടുമാറി. ഒരു സീസണിൽ സെവിയ്യയ്ക്കായി കളിച്ച താരം പിന്നീട് ക്ലബ്ബുമായി തെറ്റിപ്പിരിഞ്ഞ് 1993-ൽ നാട്ടിലെ നേവൽസ്സ് ഓൾഡ് ബോയ്സിൽ ചേർന്നു. പിന്നീട് 1994-ൽ ക്ലബ്ബിന്റെ പരിശീലനത്തിൽ പങ്കെടുക്കുന്നില്ലെന്നാരോപിച്ച് താരത്തെ നേവൽസ്സ് ഓൾഡ് ബോയ്സ് പുറത്താക്കുകയായിരുന്നു. തുടർന്ന് വീണ്ടും ബൊക്ക ജൂനിയേഴ്സിലേക്ക്. 1994-ൽ പത്രക്കാരെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചത് വിവാദമായി. ഇതിന്റെ പേരിൽ നിയനടപടിയും നേരിട്ടു. 1994 അമേരിക്ക ലോകകപ്പിൽ രണ്ടു കളികളിൽ മാത്രമേ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചുള്ളൂ. ഗ്രീസുമായുള്ള കളിക്കു ശേഷം നടത്തിയ പരിശോധനയിൽ എഫെഡ്രിൻ എന്ന മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്താക്കി. 1996-ൽ മയക്കുമരുന്ന് ഉപയോഗത്തിന് ഒരു സ്വിസ് ഡ്രഗ് ക്ലിനിക്കിൽ ചികിത്സയ്ക്ക് വിധേയനായി. വീണ്ടും ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ 1997-ലെ പിറന്നാൾ ദിനത്തിൽ അദ്ദേഹം ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/377luU9
via
IFTTT