Breaking

Monday, November 30, 2020

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനെതിരെ യുവാവ്; 100 കോടിയുടെ മാനനഷ്ടകേസുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ചെന്നൈ: കോവിഷീൽഡ് വാക്സിൻ പരീക്ഷണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടയാൾക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും അഞ്ച് കോടി രൂപ നഷ്ടപപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടി. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽനിന്ന് ഒക്ടോബർ ഒന്നിന് കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ആളാണ് പരാതിക്കാരൻ. വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതുംമനശാസ്ത്രപരവുമായ പ്രശ്നങ്ങളുംഉണ്ടായെന്നാണ് 40 വയസുള്ള ബിസിനസ് കൺസൾട്ടന്റ് പറയുന്നത്. അതിനാൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് തനിക്ക് അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യമാണ് ഇയാൾ ഉയർത്തിയത്. കോവിഷീൽഡ് വാക്സിന്റെ നിർമാണവും വിതരണവും ഉടൻ നിർത്തിവെക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. അതേസമയം ഇയാളുടെ വാദങ്ങൾ അടിസ്ഥാനഹരിതമാണെന്ന് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പ്രതികരിച്ചു. പരാതിക്കാരന്റെ ആരോഗ്യാവസ്ഥയിൽ തങ്ങൾക്ക് ആശങ്കയുണ്ട്. എന്നാൽ അതിന് കോവിഡ് വാക്സിൻ പരീക്ഷണവുമായി യാതൊരു ബന്ധവുമില്ല. പരാതിക്കാരൻ വാക്സിൻ പരീക്ഷണത്തെ തന്റെ ആരോഗ്യപ്രശ്നങ്ങളുടെ കാരണമായി പറയുന്നതിൽ വാസ്തവമില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പ്രകരിച്ചു. ലോകപ്രശസ്തമായ കമ്പനിയിൽ നിന്ന് പണം തട്ടിയെടുക്കാനായാണ് പരാതിക്കാരൻ അടിസ്ഥാനഹരിതമായ ആരോപണമുയർത്തുന്നത്. പരാതി വ്യാജമാണെന്ന് ഡ്രഗ് കൺട്രോളർ ജനറലിനും ആരോഗ്യമന്ത്രാലയത്തിനും അറിയാമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. പരാതിക്കാരന്റെ ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ പരീക്ഷണത്തിനും തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്ന് ഐസിഎംആറും പ്രതികരിച്ചിട്ടുണ്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്രസെനക്ക എന്നിവ പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിക്കുന്ന വാക്സിനാണ് കോവിഷീൽഡ്. കോവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദം. അമേരിക്കയിലുള്ള ഒരു വോളന്റിയർക്ക് നട്ടെല്ല് സംബന്ധമായ ചില പ്രശ്നങ്ങളുടെ സൂചന ശ്രദ്ധയിൽപ്പെട്ടതോടെ കോവിഷീൽഡ് വാക്സിന്റെ ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ പരീക്ഷണം തുടരാനുള്ള അനുമതി സെപ്റ്റംബർ 15 ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിരുന്നു. Content Highlights:Serum Institute files defamation suit against man claiming neuro damage after vaccine trial


from mathrubhumi.latestnews.rssfeed https://ift.tt/3lk46Ra
via IFTTT