Breaking

Saturday, November 28, 2020

കങ്കണയ്‌ക്കെതിരേ 'വിലകെട്ട' പരാമര്‍ശവുമായി മുംബൈ മേയര്‍

മുംബൈ: നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ ഉത്തരവ് തെറ്റാണെന്നും അതിനെ പ്രതികാര നടപടിയായി മാത്രമേ കാണാനാവൂ എന്നുമുളള ബോംബെ ഹൈക്കോടതിയുടെ വിധിവന്ന് മണിക്കൂറുകൾക്കുളളിൽ കങ്കണയ്ക്കെതിരേ അപകീർത്തികരമായ പരാമർശവുമായി മുംബൈ മേയർ. കങ്കണയെ വിലകെട്ട ആളുകളെന്നാണ് മേയർ കിഷോരി പെഡ്നേക്കർ വിശേഷിപ്പിച്ചത്. ഹിമാചൽ പ്രദേശിൽ നിന്ന് മുംബൈയിലേക്കെത്തിയ ഒരു അഭിനേതാവ് മുംബൈയെ പാക് അധീന കശ്മീരെന്ന് വിശേഷിപ്പിച്ചപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടു. തുടർന്ന് അവർക്കെതിരെ പരാതികളുണ്ടായി. കോടതിയെ ഒരു രാഷ്ട്രീയ സർക്കസാക്കി മാറ്റാൻ ഇത്തരം വിലകുറഞ്ഞ ആളുകൾ ആഗ്രഹിക്കുന്നുണ്ടോ? ഇത് തെറ്റാണ്. കിഷോരി വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് പ്രതികരിച്ചു. ബാന്ദ്രയിലെ പാലി ഹില്ലിൽ കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം അനധികൃത നിർമാണപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് പൊളിച്ചുമാറ്റാൻ സെപ്റ്റംബർ ഒമ്പതിനാണ് മുംബൈ നഗരസഭ ഉത്തരവിട്ടത്. മുംബൈ പോലീസിനെച്ചൊല്ലി ശിവസേനാനേതാവ് സഞ്ജയ് റാവുത്തും കങ്കണയും തമ്മിൽ വാക്പോര് തുടരുന്നതിനിടെയായിരുന്നു നടപടി. കെട്ടിടം പൊളിക്കുന്നത് നിർത്തിവെക്കാൻ അന്നുതന്നെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും അപ്പോഴേക്കും ചില ഭാഗങ്ങൾ തകർക്കപ്പെട്ടിരുന്നു. കെട്ടിടം പൊളിക്കാനുളള നഗരസഭയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റിയതിന് കങ്കണയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കെട്ടിടം വാസയോഗ്യമാക്കുന്നതിനുവേണ്ട നടപടിയെടുക്കാൻ അവർക്ക് അവകാശമുണ്ടെന്നുമാണ് ജസ്റ്റിസുമാരായ എസ്.ജെ. കഠാവല്ലയും റിയാസ് ഛഗ്ലയുമടങ്ങുന്ന ബെഞ്ചിന്റെ വിധി. നഗരസഭയുടെ ഉത്തരവ് റദ്ദാക്കണമെന്നും തനിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധിപറഞ്ഞത്. കങ്കണയുടെ കെട്ടിടത്തിൽ അനധികൃത നിർമാണപ്രവർത്തനങ്ങൾ നടന്നതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെട്ടിടം പൊളിക്കാനുള്ള ഉത്തരവ് തീർത്തും തെറ്റാണ്. പ്രതികാരനടപടിയായേ അതിനെ കാണാനാവൂ. പൊളിച്ചുമാറ്റിയ ഭാഗങ്ങൾ നഗരസഭാചട്ടങ്ങൾക്കനുസൃതമായി പുനർനിർമിക്കാൻ കങ്കണയ്ക്ക് അവകാശമുണ്ട്. കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ നിർദേശം നൽകിയ കോടതി അതിനുശേഷം അവർക്കുനൽകേണ്ട നഷ്ടപരിഹാരത്തുക നിർണയിക്കുമെന്നും വ്യക്തമാക്കി. മുംബൈ പോലീസിനും മഹാരാഷ്ട്ര സർക്കാരിനും ചലച്ചിത്രമേഖലയ്ക്കുമെതിരേ കങ്കണ നടത്തിയ അഭിപ്രായപ്രകടനങ്ങൾ കോടതി അംഗീകരിക്കുന്നില്ല. അവ നിരുത്തരവാദപരവും അനവസരത്തിലുള്ളതുമാണ്. പൊതുവേദികളിൽ അഭിപ്രായപ്രകടനം നടത്തുമ്പോൾ അവർ നിയന്ത്രണം പാലിക്കണം. എന്നാൽ, ഒരു വ്യക്തി നിരുത്തരവാദപരമായി എന്തെങ്കിലും പറഞ്ഞാൽ അതിനെ അവഗണിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. അല്ലെങ്കിൽ നിയമപരമായ പരിഹാരങ്ങൾ തേടണം. പ്രതികാരനടപടികൾ സ്വീകരിക്കുന്നത് ശരിയല്ല -കോടതി പറഞ്ഞു. കേസിൽ കങ്കണ കക്ഷിചേർത്ത ശിവസേനാനേതാവ് സഞ്ജയ് റാവുത്തിനെ കോടതി വിമർശിച്ചിരുന്നു. Content Highlights:Mumbai Mayors Derogatory remark at Kangana Ranaut


from mathrubhumi.latestnews.rssfeed https://ift.tt/3o1qZuv
via IFTTT